മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരം, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ, മുംബൈയിലെ അവസ്ഥ ദയനീയം

മുംബൈ: കൊറോണയുടെ പിടിയിലായ മുംബൈ ഗുരുതരാവസ്ഥയിലേക്ക്. മുംബൈയില്‍ 10 മരണവും 218 കേസും പുതിയതായി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച് മുംബൈയില്‍ മരിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു. 993 പേര്‍ക്കാണ് ഇവിടെ മാത്രം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ 5 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 22 ആയി. ധാരാവിയിലെ എല്ലാവര്‍ക്കും കൊറോണ പരിശോധന നടത്താനാണ് ശ്രമം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം രൂപീകരിച്ചു.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1300 കടന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ മഹാരാഷ്ട്രയിലെ 4 ആശുപത്രികള്‍ അടച്ചു. നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അറുപതോളം പേര്‍ മലയാളികളാണ്. ബീച്ച് കാന്‍ഡി ആശുപത്രിയില്‍ 2 മലയാളി നഴ്‌സുമാര്‍ക്കും ഭാട്ട്യയില്‍ 3 മലയാളി നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഭാട്ട്യയില്‍ 70 നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. മുംബൈ മാഹിം എസ് എല്‍ രഹേജ ആശുപത്രിയില്‍ അഞ്ച് ഡോക്ടര്‍മാര്‍ ചികിത്സയിലുണ്ട്. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 15 ഇടങ്ങളെ അതിതീവ്ര നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. മഹാരാഷ്ട്രയിലെ മുംബൈ സെന്‍ട്രല്‍, താന, ഏര്‍വാദ ബൈക്കുള, കല്യാണ്‍ ജയിലുകള്‍ അടച്ചു. മഹാരാഷ്ട്രയിലെ 3 സ്ഥലങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അതീവ ശ്രദ്ധ നല്‍കേണ്ട 1100 പ്രദേശങ്ങളിലുള്ളത്.

Exit mobile version