“ആടുകളാണ് എന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം”; കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ തന്റെ ആടുകള്‍ക്ക് മാസ്‌ക് ധരിപ്പിച്ച് കര്‍ഷകന്‍

ഹൈദരാബാദ്: കൊവിഡ് 19 വൈറസില്‍ നിന്ന് രക്ഷിക്കാന്‍ തന്റെ ആടുകള്‍ക്ക് മാസ്‌ക് ധരിപ്പിച്ച് ഒരു തെലങ്കാനക്കാരന്‍. തെലങ്കാനയിലെ കല്ലൂര്‍ മണ്ഡല്‍ സ്വദേശിയായ വെങ്കടേശ്വര റാവുവാണ് ആടുകളുടെ വായും മൂക്കും മാസ്‌കുകള്‍ കൊണ്ട് മറച്ചത്. അമേരിക്കയിലെ മൃഗശാലയിലുള്ള ഒരു കടുവക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തന്റെ ആടുകള്‍ക്ക് വെങ്കടേശ്വര റാവു മാസ്‌ക് ധരിപ്പിച്ചത്.

കൊവിഡ് 19നെക്കുറിച്ച് അറിഞ്ഞതിന് ശേഷം പുറത്ത് പോകുമ്പോള്‍ ഞാന്‍ മാസ്‌ക് വെക്കാതെ ഇറങ്ങാറില്ല. അമേരിക്കയില്‍ ഒരു കടുവക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമാണ് എന്റെ ആടുകളുടെ വായും മൂക്കും മാസ്‌ക് കൊണ്ട് മറക്കാന്‍ തീരുമാനിച്ചത്.-റാവു പറഞ്ഞു.

”എനിക്ക് 20 ആടുകളുണ്ട്. ഇവറ്റകളാണ് എന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. കൃഷി ചെയ്യാനോ മറ്റോ എന്റെ പക്കല്‍ പണമില്ല,.അതിനാല്‍ ആടുകളുടെ സുരക്ഷ മുന്‍ നിര്‍ത്തി മാസ്‌ക് ധരിപ്പിക്കുന്നതെന്ന് റാവു പറഞ്ഞു. കാട്ടിലേക്ക് മേയാന്‍ പോകുമ്പോള്‍ പോലും ആടുകള്‍ക്ക് മാസ്‌ക് ധരിപ്പിച്ച് കൊടുക്കുമെന്നും റാവു കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസം മുമ്പാണ് ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലെ നാദിയ എന്ന നാല്‍ വയസുള്ള കടുവക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മേല്‍നോട്ടക്കാരനിലൂടെയാണ് നാദിയക്ക് കൊവിഡ് പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version