പരിശോധനാഫലം നെഗറ്റീവ്; എന്നിട്ടും കൊറോണ പരത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് തബ്ലീഗ് പ്രവര്‍ത്തകനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിനിടെ കൊറോണ വൈറസ് പരത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മതസമ്മേളനത്തില്‍ പങ്കെടുത്ത യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.

ഡല്‍ഹിയിലെ ബവാനയിലാണ് സംഭവം. ഹരേവാലി വില്ലേജിലെ മഹ്ബൂബ് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പിടിഐയെ ഉദ്ധരിച്ച് ദി ക്വിന്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 22 കാരനായ അലി മധ്യപ്രദേശിലെ ഭോപാലില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് പോയിരുന്നുവെന്നും നാട്ടില്‍ തിരികെയെത്തി മനഃപൂര്‍വ്വം കൊറോണ പരത്താന്‍ ശ്രമിച്ചുവെന്നുമാരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.

അതേസമയം, അലി മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നെന്നും 45 ദിവസത്തിനുശേഷം പച്ചക്കറി ട്രക്കിലാണ് തിരിച്ചെത്തിയതെന്നും പോലീസ് പറയുന്നു. ആസാദ്പൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വെച്ച് ഇയാള്‍ വൈദ്യപരിശോധനക്ക് വിധേയനാവുകയും കൊറോണ ബാധയില്ലെന്നു കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നെന്നും പോലീസ് വ്യക്തമാക്കി.

അതിനിടെ അലി മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം നാട്ടിലാകെ അറിഞ്ഞു. അലി ഗ്രാമത്തില്‍ കൊറോണ വൈറസ് പരത്താന്‍ വേണ്ടിയാണ് എത്തിയതെന്ന അഭ്യൂഹം പരന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അലിയെ പിടികൂടി ആക്രമിക്കുകയായിരുന്നു.

ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലിയെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Exit mobile version