രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി അറിയാൻ പൂൾ ടെസ്റ്റിങിന് ഒരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് അറിയാൻ പൂൾ ടെസ്റ്റിങിനൊരുങ്ങുന്നു. ലോക്ക് ഡൗൺ അവസാനിരിക്കെ കൊറോണ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് രാജ്യത്തെ 436 ജില്ലകളിൽ അധികൃതർ പൂൾ ടെസ്റ്റിങ്ങിനൊരുങ്ങുന്നത്. കൊറോണ വ്യാപനത്തിന്റെ ഇന്ത്യയിലെ യഥാർഥ ചിത്രം ലഭിക്കാൻ ഇതുപകരിക്കുമെന്നാണ് വിലയിരുത്തൽ.

ഒരുപാടു പേരുടെ സാമ്പിളുകൾ പരിശോധയനയ്ക്കയക്കുന്ന ചെലവ് കുറയ്ക്കാൻ സ്വീകരിക്കുന്ന മാർഗ്ഗമാണ് പൂൾ ടെസ്റ്റിങ്. ആളുകളെ ഓരോ കൂട്ടമായി തിരിച്ച് ഓരോ കൂട്ടത്തിൽ നിന്നും പ്രതിനിധിയായി ഒരാളെ ടെസ്റ്റിങ്ങിന് വിധേയമാക്കുന്ന രീതിയാണിത്. ഏതെങ്കിലും ഒരാളുടെ ഫലം പോസിറ്റീവായാൽ ഈ കൂട്ടത്തിലെ എല്ലാവരെയും ടെസ്റ്റിങ്ങിന് വിധേയമാക്കി പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും വേർതിരിച്ചെടുക്കുന്നതാണ് രീതി.

പകർച്ചവ്യാധിയുടെ വ്യാപനം എത്രത്തോളം ഭീകരമാണെന്ന ചിത്രം ഈ രീതിയിലൂടെ ഏതാണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്. 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആരോഗ്യ സേതു ആപ്പ് വഴിയുള്ള വിവരങ്ങളും നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും ശേഖരിച്ച് രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരുടെയും ടെസ്റ്റ് നടത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്. വേഗത്തിലുള്ള ടെസ്റ്റിനു പകരം ആർടി പിസിആർ എന്ന പഴയ മാർഗ്ഗമുപയോഗിച്ചായിരിക്കും ടെസ്റ്റ്.

രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഈ ആപ്പ് വഴിയുള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ചാൽ ഏകദേശം ധാരണ കിട്ടും. പിന്നെ ആപ്പ് വഴിയല്ലാത്ത നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങൾ വേറെയുമുണ്ട്. ഈ രണ്ട് കണക്കുകളും കൂടി ചേർത്ത് ചില നിശ്ചിത പ്രദേശങ്ങളിൽ പൂൾ ടെസ്റ്റ് നടത്താനാണ് ഇപ്പോൾ ശ്രമം.

Exit mobile version