കോവിഡ് പ്രതിസന്ധി രാജ്യത്തെ 40 കോടി ജനങ്ങളെ ദരിദ്രരാക്കിയേക്കും; പകുതിയോളം വരുന്ന ഇന്ത്യൻ ജനതയ്ക്ക് ആശങ്കയായി യുഎൻ മുന്നറിയിപ്പ്

യുണൈറ്റഡ് നേഷൻസ്: ലോകമെമ്പാടും ദുരിതം തീർക്കുന്ന കൊറോണ പ്രതിസന്ധി ഇന്ത്യയേയും മോശമായി ബാധിച്ചേക്കാമെന്ന് വെളിപ്പെടുത്തി യുഎൻ. കോവിഡ്19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ 40 കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടേക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രതിസന്ധി വലിയതോതിൽ ബാധിക്കുക.

ഇന്ത്യയിൽ ആകെ ജോലിക്കാരുടെ 90 ശതമാനവും അസംഘടിത മേഖലയിലുള്ളവരാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുന്നതും അസംഘടിത മേഖലയിൽ ജോലി ചെയ്‌യുന്ന 40 കോടി തൊഴിലാളികളെയാവും. ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവാനുള്ള സാധ്യത കൂടുതലാണ്.

ഇന്റർനാഷണൽ ലേബർ അസോസിയേഷൻ കോവിഡ്19 ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ ആഘാതമേൽപ്പിക്കും എന്ന പഠന റിപ്പോർട്ടിലാണ് ഇന്ത്യയെ കുറിച്ചും പരാമർശിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് കോവിഡ് വ്യാപനത്തേയും അനന്തരഫലങ്ങളെയും റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്.

അഞ്ചിൽ നാല് എന്ന തോതിൽ ആളുകൾ ലോകത്താകമാനം തൊഴിൽ പ്രതിസന്ധി നേരിടുന്നു. വികസിത രാജ്യങ്ങളിലേയും വികസ്വര രാജ്യങ്ങളിലും ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ മാത്രം ആഗോളതലത്തിൽ ആകെ ജോലിസമയത്തിന്റെ 7 ശതമാനത്തോളമാണ് ഈ പ്രതിസന്ധിയിലൂടെ നഷ്ടമാവുന്നത്. അതായത് 195 മില്ല്യൺ തൊഴിലുകൾ താൽക്കാലികമായി നഷ്ടമായിരിക്കുന്നു.

ഈ കൊവിഡ് കാലത്ത് ഓരോ രാഷ്ട്രത്തിന്റേയും ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ, നിലപാടുകൾ, സാമ്പത്തിക പോളിസികൾ, എന്നിവ വരുംകാലത്തേയും ബാധിക്കും. തൊഴിലാളികളേയും വ്യവസായ മേഖലയെയും അത് നേരിട്ട് ബാധിക്കുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു.

Exit mobile version