രോഗവ്യാപനവും മരണവും കൂടുന്നു; ലോക്ക് ഡൗണ്‍ നാലാഴ്ചത്തേയ്ക്ക് കൂടി നീട്ടും…? സൂചന നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനവും മരണവും കൂടുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നാലാഴ്ചത്തേയ്ക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വൈറസ് വ്യാപനത്തെ തുടര്‍ന്ന് 21 ദിവസത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും രോഗവ്യാപനം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് നീട്ടിയേക്കുമെന്നാണ് വിവരം.

പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നല്‍കിയിരിക്കുന്നത്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തുന്ന രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കും. ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.

നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കി. ഘട്ടംഘട്ടമായായിരിക്കും നിയന്ത്രണങ്ങള്‍ നീക്കുക. അടിസ്ഥാന മേഖലകളിലെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ച് നിശ്ചലമായ സമ്പദ് വ്യവസ്ഥ ചലിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version