കോവിഡ് പ്രതിരോധത്തില്‍ കൈത്താങ്ങായി നാല് വയസുകാരനും; സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവച്ച കുഞ്ഞുസമ്പാദ്യം കോവിഡ് ദുരിതാശ്വാസനിധിയിലേക്ക്

വിജയവാഡ: ഈ ലോക്ക്ഡൗണ്‍ കാലം ഒട്ടേറെ സന്മനസ്സുകളെ പുറംലോകത്തിന് പരിചയപ്പെടുത്തുന്നുണ്ട്. സെലിബ്രിറ്റികള്‍ മുതല്‍ നിരവധി സാധാരണക്കാര്‍ വരെ തങ്ങളാല്‍ ആവുന്നത് കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു നാലുവയസ്സുകാരന്റെ മനസ്സിന്റെ നന്മയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള നാല് വയസുകാരന്‍ ഹേമന്ദാണ്
കുഞ്ഞുസമ്പാദ്യം കോവിഡ് 19 മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിന് കൈത്താങ്ങാകാന്‍ നല്‍കിയിരിക്കുന്നത്.

സൈക്കിള്‍ വാങ്ങാനായി അവന്‍ കാത്തുവച്ചിരുന്ന 971 രൂപ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്.

വൈഎസ്ആര്‍പി ഓഫീസിലെത്തി തന്റെ സമ്പാദ്യം മന്ത്രി പെര്‍ണി വെങ്കട്ടരാമയ്യയ്ക്ക് ഹേമന്ത് കൈമാറി. കുട്ടിയെ അഭിനന്ദിച്ച മന്ത്രി ഹേമന്ദിന് ഒരു സൈക്കിള്‍ സമ്മാനമായി നല്‍കുമെന്നും പറഞ്ഞു.

മഹാപ്രളയകാലത്തും നിരവധി വിദ്യാര്‍ഥികള്‍ അവരുടെ കുഞ്ഞുസമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

Exit mobile version