കോവിഡിന് എതിരെ പൊരുതിയ ഡോക്ടർമാർ ഐസൊലേഷനിൽ; ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് അയച്ച് ഡൽഹി സർക്കാർ; സൂപ്പർ ഹീറോകളെ പോലെ വരവേറ്റ് ജീവനക്കാർ; നിറകൈയ്യടി

ന്യൂഡൽഹി: രാജ്യം കൊവിഡ് 19 ഭീതിയുടെ നിഴലിൽ കഴിയുമ്പോൾ യഥാർത്ഥ രക്ഷകരായത് ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകരാണ്. ഇവരുടെ സേവനത്തെ രാജ്യത്തിന് വിലമതിക്കാനാകില്ല. അതുകൊണ്ടുതന്നെ രോഗികളെ രക്ഷിച്ച ഇവർക്ക് നിശ്ചിത ഇടവേളയിൽ ഐസൊലേഷനിലൽ പ്രവേശിക്കേണ്ടതുണ്ട്. ഇത്തരത്തിൽ കൊവിഡിനെതിരെ പ്രതിരോധം തീർത്ത ഡൽഹിയിലെ ഡോക്ടർമാർ ഐസൊലേഷനിൽ പ്രവേശിച്ചപ്പോൾ താമസ സൗകര്യമൊരുക്കിയിരിക്കുന്നത് ഫൈവ് സ്റ്റാർ ഹോട്ടലിലാണ്.

കുടുംബത്തിൽ നിന്ന് മാറി സ്വയം ഐസൊലേറ്റഡാകാൻ തീരുമാനിച്ച ഇവരെ ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്കാണ് സർക്കാർ അയച്ചത്. ഡൽഹിയിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ ലളിത് തങ്ങളുടെ ഓഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ ഡോക്ടർമാരെ സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. സ്വയം ഐസൊലേഷനിൽ പോകുന്ന ഡോക്ടർമാർക്ക് ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗകര്യമൊരുക്കുമെന്ന് ഡൽഹി സർക്കാർ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ലളിത് ഹോട്ടലിലെ 100 മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിന്റെ മുഴുവൻ തുകയും ഡൽഹി സർക്കാർ വഹിക്കും. എൽഎൻജെപിയിലെയും ജിബി പന്ത് ആശുപത്രിയിലേയും ഡോക്ടർമാരാണ് ഇവിടെ ഐസൊലേഷനിൽ കഴിയുന്നത്.

രാജ്യത്ത് പലയിടങ്ങളിലും ഡോക്ടർമാരും നഴ്‌സ്മാരും മതിയായ ചികിത്സാ-സുരക്ഷാ ഉപകരണങ്ങൾ പോലും ഇല്ലാതെ കടുത്ത വിവേചനം നേരിടുന്നുണ്ട്. കൊവിഡ് ബാധിച്ച രോഗികളെ ചികിത്സിച്ച ഡോക്ടർമാരെയും നഴ്‌സമാരെയും വാടകവീടുകളിൽ നിന്ന് ഇറക്കി വിടുന്നതായും അയൽവാസികൾ മാറ്റി നിർത്തുന്നതായും പരാതികൾ ഉയരുന്നുണ്ട്. അതിനിടെയാണ് ഡൽഹി സർക്കാരിന്റെ ഈ നടപടി.

Exit mobile version