കോവിഡ് കാലത്ത് പ്രധാനമന്ത്രി മോഡി രാജ്യത്തെ നയിക്കുന്ന രീതിയെ ലോകം അഭിനന്ദിക്കുന്നു; വാഴ്ത്തി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ

ന്യൂഡൽഹി: കൊറോണ വൈറസ് തീർക്കുന്ന പ്രതിസന്ധികാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ നയിക്കുന്ന രീതിയെ ലോകം തന്നെ അഭിനന്ദിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ലോകം മുഴുവൻ മോഡിയെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്നും നഡ്ഡ പറഞ്ഞു. ബിജെപിയുടെ 40ാമത് സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ 40ാം സ്ഥാപക ദിനത്തിൽ ഓരോ പാർട്ടി പ്രവർത്തകനും 40 പേരോട് 100 രൂപ വീതം പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. നമ്മൾ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പോലീസുകാർ, ഡോക്ടർമാർ, നഴ്‌സുമാർ, ബാങ്ക് ഉദ്യോഗസ്ഥർ, പോസ്റ്റുമാൻമാർ എന്നിവർക്ക് നന്ദി അർപ്പിക്കണം. അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ബിജെപി സ്ഥാപകദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ നേതാക്കൾ ട്വിറ്റർ സന്ദേശം നൽകി.

Exit mobile version