ന്യൂഡൽഹി: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സിഐഎസ്എഫ് ജവാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ഫോണിൽ സംസാരിച്ചു. വൈറസ് സ്ഥിരീകരിച്ച 11 സിഐഎസ്എഫ് ജവാൻമാർ മുംബൈ കസ്തൂർബ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഞങ്ങൾ വൈറസിനെ അതിജീവിക്കും. രോഗം ഭേദമായശേഷം താങ്കളെ കാണാൻ തീർച്ചയായി വരുമെന്നും കൊറോണ വൈറസിനെ സൈന്യം ഒന്നിച്ച് നേരിടുമെന്നും ജവാൻ അമിത് ഷായുടെ സുഖാന്വേഷണത്തോട് ആത്മവിശ്വാസത്തോടെ പ്രതികരിക്കുകയായിരുന്നു.
നിങ്ങൾ നല്ലൊരു കടമ ചെയ്തു. നിങ്ങൾക്കായി ഞങ്ങളെല്ലാവരും പ്രാർഥിക്കുന്നു. വിശ്വാസം നഷ്ടപ്പെടുത്തരുത്. മറ്റുള്ളവരുടെ നന്മയ്ക്കായാണ് നിങ്ങൾ പ്രവർത്തിച്ചത്. ദൈവം നിങ്ങളെ സഹായിക്കും. ശക്തമായി നിന്ന് കൊറോണയെ ചെറുക്കണമെന്നും ജവാനുമായുള്ള സംഭാഷണത്തിൽ അമിത് ഷാ പറഞ്ഞു. രോഗംഭേദമായി ആശുപത്രിവിട്ട ശേഷം തന്റെ വീട്ടിലേക്ക് വരണമെന്നും ജവാനെ ക്ഷണിച്ചുകൊണ്ട് അമിത് ഷാ അറിയിച്ചു.
കലംബോളിയിലെ സിഐഎസ്എഫ് ക്യാപിലുള്ള ഒരു ജവാനാണ് ആദ്യം വൈറസ് ബാധ സ്ഥീരീകരിച്ചത്. ഇതോടെ ക്യാപിലുണ്ടായിരുന്ന 152 ജവാൻമാരേയും ഒഴിപ്പിച്ചിരുന്നു. ജവാൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാമൂഹിക അകലം അടക്കമുള്ള മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് സിഐഎസ്എഫ് അറിയിച്ചു.