‘ലോക്ക് ഡൗണ്‍ കാലത്ത് തല്ല് കൊണ്ട് സ്ത്രീകള്‍’; ഗാര്‍ഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ രാജ്യത്തെ വീടുകള്‍ക്കകത്ത് ഗാര്‍ഹിക പീഡനം വന്‍തോതില്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ. ലോക്ക് ടൗണ്‍ കാലത്തില്‍ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള എട്ട് ദിവസം മാത്രം 257 പരാതികള്‍ ഓണ്‍ലൈനായി ലഭിച്ചുവെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.

കിട്ടിയ പരാതികളില്‍ 69 എണ്ണം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട 13 പരാതികളാണ് ഇതുവരെ ലഭിച്ചതെന്നും രേഖ ശര്‍മ്മ പറഞ്ഞു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇവിടെ നിന്ന് മാത്രം 90 പരാതികള്‍ ലഭിച്ചു.

രണ്ടാം സ്ഥാനത്ത് ഡല്‍ഹിയാണ്. ഇവിടെ നിന്ന് 37 പരാതികള്‍ ലഭിച്ചു. ബിഹാറില്‍ നിന്നും ഒഡിഷയില്‍ നിന്നും 18 പരാതികള്‍ വീതമാണ് ലഭിച്ചത്.ലോക് ഡൗണ്‍ കാരണം സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയാനുള്ള സാഹചര്യം ഇല്ലാത്തത് ഗുരുതര പ്രശ്‌നമാണെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് മാതാപിതാക്കളുടെ അടുത്തേക്കോ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കോ മാറാനുള്ള അവസരവും ഇല്ല. സ്ഥിതിഗതികള്‍ ദേശീയ വനിത കമ്മീഷന്‍ നിരന്തരം നിരീക്ഷിച്ചു വരുന്നുണ്ടെന്നും അവര്‍ വിശദീകരിച്ചു.

Exit mobile version