ഇനിയും നീട്ടില്ല; ഏപ്രിൽ 14ന് ലോക്ക് ഡൗൺ അവസാനിക്കും; എന്നാൽ സഞ്ചാര നിയന്ത്രണം തുടരും; തെരുവിൽ ഇറങ്ങാനുള്ള അവസരമല്ലെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: 21 ദിവസത്തെ ലോക്ക്ഡൗൺ ഏപ്രിൽ 14ന് തന്നെ അവസാനിപ്പിക്കുമെന്നും ഇനിയും നീട്ടില്ലെന്നും സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 21 ദിവസത്തെ ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കുമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗൺ പത്താം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി അവലോകന ചർച്ച നടത്തിയത്.

കോവിഡിനെതിരായ യുദ്ധം തുടങ്ങിയതേയുള്ളു. ലോക്ക് ഡൗൺ അവസാനിച്ചാലും സഞ്ചാര നിയന്ത്രണങ്ങൾ തുടരും. തെരുവിൽ ഇറങ്ങാനുള്ള അവസരമായി ഇതിനെ കാണരുത്. കോവിഡിനെതിരെ നീണ്ട പോരാട്ടമാണ് വേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി പോരാടം. സാമൂഹിക അകലം പാലിക്കണം. എല്ലാ വിശ്വാസപ്രമാണങ്ങളും മാറ്റിവച്ചുള്ള പോരാട്ടമാണ് വേണ്ടത്. ഏപ്രിൽ 4ന് ശേഷവും സഞ്ചാര നിയന്ത്രണം തുടരും.

ലോക്ക്ഡൗൺ അവസാനിച്ച ശേഷവും കോവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാ സന്നാഹങ്ങൾ പാലിക്കണം. മാസ്‌കുകൾ ധരിക്കണം, സാമൂഹിക അകലം, ശുചിത്വം എന്നിവ പാലിക്കണം. രോഗബാധ തീവ്രമാകാൻ സാധ്യതയുള്ള 22 സ്ഥലങ്ങൾ കൂടി തിരിച്ചറിഞ്ഞതായും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ഡോ.ഹർഷവർദ്ധൻ തുടങ്ങിയവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

Exit mobile version