ഭക്ഷണം ആവശ്യമുള്ളത് നിരവധി പേര്‍ക്ക്; മുംബൈ തെരുവുകളില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കി ഒരു ബാറ്റ്മാന്‍; ഇതാണ് ആ യുവതാരം

മുംബൈ: പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണിലാണ്. ജോലിക്ക് പോകാന്‍ കഴിയാതെ വീട്ടില്‍ കഴിയാന്‍ തുടങ്ങിയതോടെ പലരും പട്ടിണിയിലുമായി. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ നിരവധി പേരാണ് തെരുവുകളില്‍ കഴിയുന്നത്.

മുംബൈയിലെ തെരുവുകളില്‍ പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുകയാണ് ഒരു ബാറ്റ്മാന്‍. ഡിസി കോമിക്‌സ്ന്റെ സൂപ്പര്‍ ഹീറോ കഥാപാത്രമായ ബാറ്റ്മാന്റെ മാസ്‌കുമണിഞ്ഞ് ബോളിവുഡ് നടന്‍ അലി ഫസലാണ് മുംബൈയിലെ തെരുവുകള്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.

ഇതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സ്വന്തം കാറില്‍ മാസ്‌ക് അണിഞ്ഞ് എത്തുകയായിരുന്നു അലി ഫസല്‍. ഡിസി യൂണിവേഴ്‌സിലെ സുഹൃത്തുക്കളെ വിളിച്ച് കുറച്ച് സാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് താരം വീഡിയോയില്‍ പറയുന്നുണ്ട്.

മുംബൈ നമ്പര്‍ അഞ്ച് പെട്രോള്‍ പമ്പിന് സമീപം ഭക്ഷണം ആവശ്യമുള്ള നിരവധി പേരുണ്ടെന്നും ഇത്തരത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ പ്രവര്‍ത്തനം തുടരണമെന്നും ചെറിയവര്‍ വലിയവര്‍ എന്നില്ലെന്നും താരം വ്യക്തമാക്കി. നടി റിച്ച ഛഡ്ഡയുമായി താരത്തിന്റെ കല്യാണം ഏപ്രിലില്‍ നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കല്യാണം മാറ്റിവെക്കുകയായിരുന്നു

Exit mobile version