കൊറോണ കേന്ദ്രമായി മാറിയ നിസാമുദ്ദീന്‍ മതസമ്മേളനങ്ങളില്‍ കേരളത്തില്‍നിന്നും പങ്കെടുത്തത് 270 പേര്‍; അന്വേഷണം ഊര്‍ജിതമാക്കി അധികൃതര്‍

തിരുവനന്തപുരം: നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനങ്ങളില്‍ കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തതായി വിവരം. ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളംപേര്‍ കേരളത്തില്‍ തിരിച്ചെത്തി. ഇതില്‍ എഴുപതോളം പേരുടെ വിവരം പോലീസ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും കൈമാറിയിട്ടുണ്ട്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്.

അതേസമയം, രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്ത 170 പേര്‍ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ളവ പോലീസ് ശേഖരിച്ചുവരികയാണ്. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ കേരളത്തിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

മലേഷ്യയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി. ഈ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റുരാജ്യങ്ങളിലുള്ള പലര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇയാളും നിരീക്ഷണത്തിലാണ്. ഇവരിലാര്‍ക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വിവിധ സംസ്ഥാനങ്ങളിലായി 10 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. ആറുപേര്‍ തെലങ്കാനയിലും മറ്റുള്ളവര്‍ ജമ്മുകശ്മീര്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലുമുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 50 പേര്‍ക്കും തെലങ്കാനയില്‍ നിന്നുള്ള 15 പേര്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു.

മതസമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി നിലവില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മാര്‍ച്ച് 14-നും 19നുമിടയില്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്.

Exit mobile version