കൊറോണ പടർത്തൽ കേന്ദ്രമായി നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനം; പങ്കെടുത്ത മലയാളി ഡോക്ടറും ആറ് തെലങ്കാന സ്വദേശികളും മരിച്ചു; കാശ്മീരിലും തമിഴ്‌നാട്ടിലും കൊറോണ മരണം; വിദേശികളും നിരീക്ഷണത്തിൽ

ന്യൂഡൽഹി: കോവിഡ് 19 പടർന്നുപിടിക്കുന്നതിനിടെ വേണ്ടത്ര സുരക്ഷാ മുൻകരുതലില്ലാതെ നടത്തിയ നിസാമുദ്ദീനിലെ മതസമ്മേളനം കൊറോണയുടെ പ്രഭവകേന്ദ്രമാകുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി ഡോക്ടർ മരിച്ച വിവരമാണ് പുറത്തെത്തിയിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ഡോ. എം സലിമാണ് മരിച്ചത്. പത്തനംതിട്ട മേലെവെട്ടിപ്പുറം സ്വദേശിയാണു സലിം (74). മൃതദേഹം നിസാമുദ്ദീനിൽ കബറടക്കി. പത്തനംതിട്ട കത്തോലിക്കറ്റ് കോളജിൽ കെമിസ്ട്രി പ്രഫസറായി വിരമിച്ച ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു. നേരത്തെ ബൈപാസ് സർജറിക്കും വിധേയനായിരുന്നു. പത്തനംതിട്ട അമീർ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലാണു മരിച്ചത്. അതേസമയം ഡോക്ടർക്ക് കൊറോണ ബാധിച്ചിരുന്നോ എന്ന് വ്യക്തമായിട്ടില്ല.

ഡോക്ടർക്ക് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിപാടിയിൽ പങ്കെടുത്ത ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ടു പത്തനംതിട്ടക്കാർ ഡൽഹിയിൽ കോവിഡ് നിരീക്ഷണത്തിലാണ്. കൂടാതെ, മടങ്ങിയെത്തിയ ആറു പേർക്ക് രോഗക്ഷണങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു. സലിം സുഹൃത്തുക്കളായ രണ്ടുപേരും ചേർന്നാണു ഡൽഹിയിലെ സമ്മേളനത്തിന് പോയത്. ഇവർ ഡൽഹിയിൽ നിസാമുദീനിൽ ബംഗ്ലാവാലി മസ്ജിദിൽ താമസിക്കുകയാണ്. ഇവർ അവിടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഈ മതസമ്മേളനത്തിൽ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ് തബ്‌ലീഗ് വാർഷിക മതസമ്മേളനം ചർച്ചയായത്. നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18ന് ആയിരുന്നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. ഇതിൽ പങ്കെടുത്ത നിരവധി ആളുകളെ പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെനിന്നു മടങ്ങിയ 2 പേർ കോവിഡ് ബാധിച്ചു മരിക്കുകയും വിദേശികൾ ഉൾപ്പെടെ ഇരുപതിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ചു ശ്രീനഗറിൽ മരിച്ച 65 വയസ്സുകാരൻ, തമിഴ്‌നാട്ടിലെ മധുരയിൽ മരിച്ച 54 വയസ്സുകാരൻ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. മരിച്ച കാശ്മീർ സ്വദേശി ഉത്തർപ്രദേശ് ദേവ്ബന്ദിലെ മതപഠനകേന്ദ്രവും സന്ദർശിച്ച ശേഷം ട്രെയിനിലാണു മടങ്ങിയത്. സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ഉൾപ്പെടെ മുപ്പതോളം പേരെ തമിഴ്‌നാട്ടിൽ പരിശോധിച്ചു. ഇതിൽ 2 തായ്‌ലൻഡ് സ്വദേശികൾ ഉൾപ്പെടെ 20 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാളെ ചികിത്സിച്ച കോട്ടയം സ്വദേശിനി ഡോക്ടർക്കും മകൾക്കും രോഗം ബാധിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഇതുവരെ 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാശ്മീരിൽ കോവിഡ് സ്ഥിരീകരിച്ച 37 ൽ 18 പേരും സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 1034 പേരെ ഇവിടുത്തെ മർക്കസ് കെട്ടിടത്തിൽ നിന്നും പറത്തെത്തിച്ചു. 334 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 700 പേർ സർക്കാരിന്റെ വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിലാണ്. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്. പ്രദേശത്തു ലോക്ഡൗൺ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിരോധത്തിന്റെ ഭാഗമായി നിസാമുദ്ദീനിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു. ആയിരങ്ങൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന നിസാമുദ്ദീൻ മേഖലയിൽ രോഗം കണ്ടെത്തിയത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സൗദി അറേബ്യ, മലേഷ്യ, ഇന്തൊനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ സമ്മേളനത്തിനെത്തിയിരുന്നു. തമിഴ്‌നാട്ടിലെ ഒട്ടേറെ ജില്ലകളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 950 പേരെ കണ്ടെത്തി ക്വാറന്റൈനിലാക്കി.

തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്ന് നിന്നു സമ്മേളനത്തിൽ പങ്കെടുത്തവരുടെ വീടുകളും പരിസര പ്രദേശങ്ങളും ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങളും ഇന്നലെ ഉച്ചയോടെ ജില്ലാ ഭരണകൂടം അടച്ചിട്ടു. പൊള്ളാച്ചി ആനമലയിൽ നിന്നു ഡൽഹി സമ്മേളനത്തിൽ പങ്കെടുത്ത 7 പേർക്കു രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ഏതാനും പേർ ആശുപത്രിയിലുമുണ്ട്. സമ്മേളനം കഴിഞ്ഞ് ആന്ധ്രപ്രദേശ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ തിരിച്ചെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version