ഗ്രാമത്തിലുള്ളതെല്ലാം കുഞ്ഞു മുറുകളിലുള്ള വീടുകള്‍, ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കൊറോണ പകരാതിരിക്കാന്‍ ഇവര്‍ മരത്തിനു മുകളില്‍ ക്വാറന്റൈനിലാണ്

കൊല്‍ക്കത്ത: കുഞ്ഞു മുറികളുള്ള വീടുകള്‍, മറ്റ് വീടുകളെല്ലാം അടുത്തടുത്ത്..തങ്ങള്‍ക്ക് എങ്ങാനും വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും ഗ്രാമത്തിലുള്ള മറ്റുള്ളവര്‍ക്കും പകരാതിരിക്കാന്‍ മരത്തിനു മുകളില്‍ വീടുണ്ടാക്കി ക്വാറന്റൈനില്‍ താമസിക്കുകയാണ് ചെന്നൈയില്‍ നിന്നും സ്വദേശമായ ബംഗാളിലെത്തിയവര്‍.

പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തിലുള്ള ഏഴ്‌പേരാണ് കൊറോണ പടരാതിരിക്കാന്‍ വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ചത്. ഏഴ്‌പേരും ചെന്നൈയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്കെത്തിയ അതിഥി തൊഴിലാളികളാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് തീവണ്ടി മാര്‍ഗ്ഗവും ബസ്സിലുമെല്ലാം യാത്രചെയ്ത് ഇവര്‍ ഗ്രാമത്തിലെത്തുന്നത്. എത്തിയയുടനെ നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.

രാജ്യത്ത് കൊറോണ് കേസുകള്‍ വ്യാപിച്ചതോടെ യാത്രചെയ്തതുകൊണ്ട് ഡോക്ടര്‍മാര്‍ ഇവരോട് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീടുകളില്‍ ഇതിനുള്ള സൗകര്യമില്ലായിരുന്നു. തുടര്‍ന്ന് മരത്തിനുമുകളിലായി ഇവരുടെ താമസം. കുറച്ചു കൂടി സുരക്ഷിതത്വം ഉറപ്പിക്കാന്‍ ഗ്രാമവാസികള്‍ തന്നെയാണ് വീടൊരുക്കി ഇവര്‍ക്ക് മരത്തിനു മുകളില്‍ താമസിക്കാന്‍ സൗകര്യം ചെയ്തു നല്‍കിയത്.

പത്തടി ഉയരത്തില്‍ മരത്തിനുമുകളില്‍ കിടക്കകളുണ്ടാക്കി അതില്‍ കൊതുകുവല ഘടിപ്പിച്ചാണ് ഇവര്‍ കിടന്നുറങ്ങുന്നത്. മരത്തില്‍ ലൈറ്റും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള പ്ലാഗ് പോയിന്റും വരെ ഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഇവര്‍ താഴേക്കിറങ്ങുന്നത്. മൂന്ന് നേരത്തെ ഭക്ഷണം ഇവര്‍ക്കിവിടേക്കെത്തുന്നുണ്ട്.

ആന ശല്യം ഉള്ള മേഖലയായതിനാല്‍ ജനം ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ ശാന്തിറാം മഹാതോ പറയുന്നു. മരത്തിനു മുകളിലാണെങ്കിലും സ്വന്തം ഗ്രാമത്തിലെത്താനായല്ലോ എന്ന ആശ്വാസത്തിലാണ് ഈ ഏഴുപേരും. ചെന്നൈയില്‍ 500 രൂപ ദിവസക്കൂലി ലഭിക്കുമായിരുന്നു. കൂലി മുഴുവനും ഉടമ തന്നിരുന്നില്ല. അത് വാങ്ങാന്‍ പോലും കാത്തുനില്‍ക്കാതെ പെട്ടെന്ന് തന്നെ കിട്ടിയ വണ്ടിക്ക് തിരികെ പോരുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

Exit mobile version