ലോക്ക് ഡൗൺ കാരണം തൊഴിലില്ലാതെയായി; പട്ടിണിയിലായ യുവാക്കൾ ജീവൻ നിലനിർത്തിയത് ബിസ്‌ക്കറ്റ് കഴിച്ച്; ഒടുവിൽ രക്ഷകരായി പോലീസ്

ന്യൂഡൽഹി: ബിസ്‌ക്കറ്റ് മാത്രം കഴിച്ച് വിശപ്പടക്കിയിരുന്ന ദിവസ വേതനക്കാരായ യുവാക്കളുടെ പട്ടിണിയകറ്റി രക്ഷകരായി ഡൽഹി പോലീസ്. ഡൽഹിയിലെ ഒരു ചെരുപ്പ് ഫാക്ടറിയിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്ന രണ്ട് യുവാക്കൾക്കാണ് പോലീസ് രക്ഷകരായത്. ഇവരുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ജോലിയില്ലാതായതോടെയാണ് യുവാക്കൾ ദുരിതത്തിലായത്. നാല് ദിവസമായി ബിസ്‌കറ്റ് കഴിച്ച് വിശപ്പടക്കിക്കൊണ്ടിരുന്ന ഇവർ ഗതികെട്ടപ്പോൾ ഡൽഹി പോലീസുമായി ബന്ധപ്പെട്ട് കഴിക്കാൻ വല്ലതും തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡൽഹി അമർ പാർക്ക് ഏരിയയിൽ താമസിക്കുന്ന 20 വയസുകാരനായ പ്രശാന്തും കൂട്ടുകാരൻ മുഹമ്മദ് ദിലാഷാദുമാണ് ഇന്നലെ വൈകുന്നേരത്തോടെ പോലീസിനെ ബന്ധപ്പെട്ടത്.

പോലീസ് എത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഭക്ഷണം നൽകുകയും ചെയ്തതായി ദിൽഷാദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ദിൽഷാദ് ബിഹാറിൽ നിന്നും പ്രശാന്ത് ഗൊരഖ്പുരിൽ നിന്നും ജോലിക്കായി ഡൽഹിയിലെത്തിയവരാണ്.

ഇവർക്ക് 1000 രൂപയും അത്യാവശ്യ റേഷനും ഭക്ഷണ ശേഷം പോലീസ് സമ്മാനിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന ആളുകളെ കണ്ടെത്താൻ ശ്രമിക്കുകയാണ് പോലീസ്.

Exit mobile version