‘പോകല്ലേ അച്ഛാ, പുറത്ത് കൊറോണയുണ്ട്’ കരഞ്ഞ് പറഞ്ഞ് കുഞ്ഞ്, പോയെ തീരൂവെന്ന് പോലീസ് അച്ഛന്‍; വൈറലായി വീഡിയോ

മുംബൈ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് രാതിയെന്നോ പകലെന്നോ ഇല്ലാതെ ജോലിക്ക് ഇറങ്ങുന്നവരാണ് പോലീസുകാര്‍. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പോലീസിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒപ്പം പോലീസിനെ ആക്രമിക്കുന്നവരും കുറവല്ല. എന്നാല്‍ ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടും മറ്റും എന്താണെന്നും കാണിച്ച് തന്നിരിക്കുകയാണ് ഒരു വീഡിയോ.

പോലീസുകാരനായ പിതാവിനെ ജോലിക്ക് പോകാന്‍ സമ്മതിക്കാത്ത കുഞ്ഞിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്. മഹാരാഷ്ട്ര പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോലിക്ക് പോകാന്‍ തയ്യാറാകുന്ന അച്ഛനോട് പുറത്ത് കൊറോണ ഉണ്ടെന്നും ജോലിക്ക് പോകണ്ടെന്നും കുഞ്ഞ് കെഞ്ചി പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, കര്‍ത്തവ്യനിരതനായ ആ ഓഫീസര്‍ തന്റെ മകന്റെ അപേക്ഷ പരിഗണിക്കാനാവാതെ, ഡ്യൂട്ടിക്ക് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്നുണ്ട്.

പുറത്തേക്ക് വിടാതിരിക്കാന്‍ പണിപ്പെടുന്ന കുഞ്ഞിനോട്, തനിക്ക് ഡ്യൂട്ടിക്ക് പോയെ പറ്റൂ എന്നും, ബോസ് നിര്‍ബന്ധമായും സ്റ്റേഷനില്‍ ഹാജരായേ പറ്റൂ എന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് അച്ഛന്‍ പറയുന്നത്. സംഭവം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

Exit mobile version