ലോക്ക്ഡൗണിനെ നേരിടാൻ ഒടുവിൽ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രം; പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഒടുവിൽ കൊറോണ പ്രതിസന്ധിയുടെ ആഘാതം മറികടക്കാൻ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

കൊറോണ പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങൾക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പ് സൗജന്യമായി നൽകും.

നിലവിൽ നൽകുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരുക്കും ഇത്. അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കിൽ അത് തെരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയർ വർഗവും മൂന്നുമാസം സൗജന്യമായി നൽകും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.

Exit mobile version