മഹാരാഷ്ട്രയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; സംസ്ഥാനത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ച ആദ്യ രണ്ട് പേര്‍ക്ക് രോഗം ഭേദമായി

പുണെ: മഹാരാഷ്ട്രയില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ച ആദ്യ രണ്ട് പേരുടെ രോഗം പൂര്‍ണമായും ഭേദമായി. ബുധനാഴ്ച രണ്ട് പേരേയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് മാര്‍ച്ച് ഒമ്പതിനാണ് പുണെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രണ്ട് ആഴ്ചത്തെ ചികിത്സയില്‍ രോഗം ഭേദമാവുകയും ചെയ്തു.

കൂടാതെ പുണെയില്‍ ചികിത്സയിലുള്ള മൂന്ന് പേരുടെകൂടി ആദ്യ പരിശോധന ഫലം നെഗറ്റീവാണ്. രണ്ടാം പരിശോധന ഫലവും നെഗറ്റീവാണെങ്കില്‍ ഈ മൂന്ന് രോഗികളെയും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് പുണെ മുസിസിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് മേധാവി ഡോ. രാമചന്ദ്ര ഹങ്കാരെ വ്യക്തമാക്കി. രണ്ടാം പരിശോധന ഫലം ബുധനാഴ്ച വൈകീട്ട് ലഭിക്കും.

അതെസമയം ബുധനാഴ്ച നാല് പേര്‍ക്ക്കൂടി മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 116 ആയി.

Exit mobile version