ബീഹാര്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം..! കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടും അത് കുറ്റമല്ലെന്നോ..? നിയമം മാറ്റാന്‍ അവര്‍ ആരാണ്; കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ബിഹാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബീഹാറിലെ അഭയകേന്ദ്രങ്ങളില്‍ നടന്ന ലൈംഗിക പീഡന കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം.

ബിഹാര്‍ സര്‍ക്കാര്‍ എന്താണ് അവിടെ ചെയ്യുന്നത്. കുട്ടികള്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടും അത് ഒരു കുറ്റമല്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത് രൂക്ഷമായി കോടതി ചോദിച്ചു. മാത്രമല്ല ഇത്തരം സംഭവങ്ങളില്‍ കര്‍ശന ശിക്ഷ നല്‍കുന്ന വകുപ്പുകള്‍ ഒഴിവാക്കിയാല്‍ എങ്ങനെ കനത്ത ശിക്ഷ നല്‍കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം നിയമം മാറ്റിക്കുറിക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച കോടതി ഇന്ത്യന്‍ ശിക്ഷാ നിയമം 377 , പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് 24മണിക്കൂറിനുള്ളില്‍ പുതിയ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. മനുഷ്യത്വ വിരുദ്ധമാണിത്. അതിപ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട കേസാണ് ഇത്. ഓരോ തവണ ഈ ഫയല്‍ നോക്കുമ്പോഴും അത്യന്തം ദുരന്തപൂര്‍ണമായാണ് അനുഭവപ്പെടുന്നത് കോടതി പറഞ്ഞു.

മുസഫര്‍പുരിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ 34 ഓളം കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവം വിവാദമായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി മഞ്ജു വര്‍മ്മ രാജിവെച്ചിരുന്നു. തന്റെ ഭര്‍ത്താവിന് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെയായിരുന്നു രാജി. അതേസമയം ഭക്ഷണം പാകം ചെയ്യാന്‍ മടിച്ച കുട്ടികള്‍ മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. മറ്റു കേസുകളില്‍ സിബിഐ അന്വേഷണം നടത്താന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Exit mobile version