കൊവിഡിനെ നേരിടാൻ വെന്റിലേറ്ററുകൾ നിർമ്മിക്കും; അവധിക്കാല റിസോർട്ടുകൾ കൊവിഡ് കെയർ സെന്ററുകളാക്കും; ജനഹൃദയം കീഴടക്കി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്നതിനിടെ സർക്കാരിനം സഹായിക്കാൻ മുന്നിട്ടിറങ്ങി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ വെന്റിലേറ്റർ നിർമ്മാണത്തിന് തന്റെ നിർമ്മാണ യൂണിറ്റുകളെ സജ്ജമാക്കി തുടങ്ങിയതായി ആനന്ദ് മഹീന്ദ്ര ട്വീറ്ററിൽ കുറിച്ചു. കൊവിഡ് കെയർ സെന്ററുകൾക്കായി മഹീന്ദ്രയുടെ അവധിക്കാല റിസോർട്ടുകൾ വിട്ടു നൽകുമെന്നും അദ്ദേഹം തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു.

‘ഇന്ത്യ രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുതൽ രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യം നിലവിലെ മെഡിക്കൽ സംവിധാനങ്ങളുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തിയേക്കാം. അതിനാൽ താൽക്കാലിക ആശുപത്രികൾ ആവശ്യമായി വരും.

വെന്റിലേറ്ററുകളുടെ അഭാവവും ഉണ്ടാകും. ഈ സാഹചര്യത്തിൽ ഞങ്ങളുടെ നിർമ്മാണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആവശ്യത്തിന് വെന്റിലേറ്ററുകൾ നിർമിക്കാൻ ശ്രമിക്കും. മഹീന്ദ്ര ഹോളിഡേയ്‌സ് റിസോർട്ടുകൾ താൽക്കാലിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും തയാറാണ്’- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ഇതിനു പുറമേ താൽക്കാലിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ മഹീന്ദ്ര കമ്പനികളുടെ പ്രോജക്ട് സംഘം തയാറാണെന്നും ആനന്ദ് അറിയിച്ചു.

Exit mobile version