തന്നെ ആക്രമിച്ചത് ബിജെപി; ഒരു മുഖ്യമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മോഡി രാജി വെയ്ക്കുന്നതാണ് ഉത്തമം; ആഞ്ഞടിച്ച് കെജരിവാള്‍

12 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായി മോഡി ചെയ്തതിനേക്കാള്‍ മൂന്നുവര്‍ഷം കൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും കെജ്‌രിവാള്‍.

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജിവെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടി ഹെഡ്ക്വാട്ടേഴ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി സെക്രട്ടറിയേറ്റിനുള്ളില്‍ കെജ്‌രിവാളിനെതിരെ അക്രമി മുളക് പൊടിയെറിഞ്ഞ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നവംബര്‍ 20നു തനിക്കുനേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്നും കെജരിവാള്‍ ആരോപിച്ചു. തന്റെ സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ കണ്ട് പരിഭ്രമിച്ചാണ് ബിജെപി തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

12 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായി മോഡി ചെയ്തതിനേക്കാള്‍ മൂന്നുവര്‍ഷം കൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു. ‘സത്യസന്ധനായ മുഖ്യമന്ത്രിയെ ഓര്‍ത്ത് ഡല്‍ഹി ജനത അഭിമാനിക്കുന്നു. പ്രധാനമന്ത്രിയെക്കുറിച്ചോര്‍ത്ത് ഇതേ വികാരം ഉണ്ടോയെന്ന് ഇന്ത്യന്‍ ജനതയോട് ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നു.’ കെജ്‌രിവാള്‍ പറഞ്ഞു.

Exit mobile version