കൊവിഡ് 19; രാജ്യത്ത് ഒരു മരണംകൂടി, മരണസംഖ്യ ഏഴായി

സൂറത്ത്: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സൂറത്തില്‍ 69 വയസുള്ള ആളാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഏഴായി. അതേസമയം രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന 65 വയസുള്ള സ്ത്രീ വഡോദര ആശുപത്രിയില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവരുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ കൊവിഡ് 19 വൈറസ് മൂലമുള്ള മരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ബീഹാറിലാണ് ഇന്ന് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 38 വയസുള്ള യുവാവാണ് വൈറസ് ബാധമൂലം മരിച്ചത്. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ പട്ന എയിംസില്‍ ചികിത്സയിലിരിക്കവേയാണ് മരിച്ചത്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇന്ന് ഉച്ചയ്ക്ക് പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 341 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 74 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച 75 ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം.

Exit mobile version