ഇത് സേവനം; രാജ്യസഭാ എംപിയായത് മുമ്പ് പുറപ്പെടുവിച്ച വിധികൾക്കുള്ള പ്രതിഫലം എന്നുപറയുന്നവർ രാജ്യദ്രോഹികൾ: രഞ്ജൻ ഗൊഗോയ്

ന്യൂഡൽഹി: രാജ്യസഭാ എംപി സ്ഥാനമേറ്റെടുത്ത ശേഷം വിവാദങ്ങളോട് പ്രതികരിച്ച് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. താൻ രാജ്യസഭാ എംപിയായത് ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് എന്ന് പറയുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്നാണ് ഗൊഗോയ് പ്രതികരിച്ചത്. ശനിയാഴ്ച ടൈംസ് നൗ ചാനലിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിച്ചതിന് ശേഷം രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് തൊഴിലായിട്ടല്ല സേവനമായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ചീഫ് ജസ്റ്റിസായി വിരമിച്ചതിന് ശേഷം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഒരു തൊഴിലാണെന്ന് കരുതുന്നുണ്ടോ? ഇത് ശരിയല്ല. എവിടെ നിന്നാണ് ഈ ചിന്തയൊക്കെ വരുന്നത്. വർഷത്തിലെ 365 ദിവസത്തിൽ നിങ്ങൾ ഒരു സെഷനിൽ പങ്കെടുക്കുന്നത് 60 ദിവസം മാത്രമാണ്. നിങ്ങളുടെ ശമ്പളം വിരമിച്ച ഒരു ചീഫ് ജസ്റ്റിസിന് ലഭിക്കുന്നതിനേക്കാൾ കുറവോ അല്ലെങ്കിൽ തുല്യമോ ആയിരിക്കും. എന്നിട്ടും നിങ്ങൾ പറയുന്നു അതൊരു ജോലിയാണ്. അതും ഞാൻ പുറപ്പെടുവിച്ച വിധികൾക്കുള്ള പ്രതിഫലമാണ് എന്നൊക്കെ.’രാജ്യത്തിന്റെ ശത്രുക്കൾക്ക് മാത്രമെ ഇത്തരത്തിൽ ചിന്തിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജൻ ഗൊഗോയിയെ തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിർദേശം ചെയ്തത്.

Exit mobile version