14 മണിക്കൂറിനുള്ളിൽ വായുവിലെ വൈറസ് നശിക്കും; തെറ്റായ സന്ദേശം പ്രചരിപ്പിച്ച് മോഡിക്ക് പിന്തുണ;രജനികാന്തിന്റെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു

ചെന്നൈ: കൊറോണ വൈറസിന്റെ കമ്മ്യൂണിറ്റി വ്യാപനത്തെ കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് നടൻ രജനികാന്ത് ട്വീറ്റ് ചെയ്ത വീഡിയോ ട്വിറ്റർ നീക്കം ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനതാകർഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്തുണയർപ്പിച്ചുള്ള രജനിയുടെ വീഡിയോയാണ് ട്വിറ്റർ നീക്കം ചെയ്തത്. വീഡിയോയിൽ കൊറോണവൈറസിനെ കുറിച്ച് വസ്തുതാപരമായ തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം ചെയ്തത്.

വൈറസ് പടരുന്നത് തടയാൻ 14 മണിക്കൂർ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയിൽ രജനികാന്ത് പറഞ്ഞിരുന്നു. വസ്തുതാപരമായി ഈ വിവരം തെറ്റാണ്, തെറ്റായ വിവരം സംബന്ധിച്ച ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ നീക്കം ചെയ്തത്.

കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിന് 12 മുതൽ 14 മണിക്കൂർ വരെ വൈറസ്സിനെ പൂർണ്ണമായും തടയേണ്ടതുണ്ടെന്നും രജനി വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ രോഗബാധിതനായ ഒരു വ്യക്തിയുടെ തുമ്മലിനെ തുടർന്നുണ്ടാകുന്ന അണുബാധ ഉപരിതലത്തിൽ ദിവസങ്ങളോളം നിലനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ വീടുകളിൽ തന്നെ ഇരിക്കണമെന്നും രജനികാന്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം ഇട്ട വീഡിയോ ആണ് നീക്കം ചെയ്തിരിക്കുന്നത്.

കൊവിഡ് 19 രോഗ വ്യാപനം ഇന്ത്യയിൽ രണ്ടാം ഘട്ടത്തിലാണ് നിൽക്കുന്നത്. മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത് തടയാൻ ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.

Exit mobile version