ലണ്ടനിൽ നിന്നാണെന്ന് പറയാതെ പരിശോധനയിൽ പങ്കെടുക്കാതെ വിമാനത്താവളത്തിൽ നിന്നും മുങ്ങി കനിക കപൂർ; രാഷ്ട്രപതിയെ പോലും ഭയത്തിന്റെ നിഴലിലാക്കിയ ബോളിവുഡ് ഗായികയ്ക്ക് എതിരെ പോലീസ് കേസ്

ന്യൂഡൽഹി: കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പോലീസ് കേസ്.’അലക്ഷ്യമായി പെരുമാറി’, പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കി എന്നൊക്കെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉത്തർപ്രദേശ് പോലീസാണ് കേസെടുത്തത്.

കുറച്ചുദിവസങ്ങൾ തങ്ങിയ ശേഷം ഈ മാസം 15 നാണ് കനിക ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. എന്നാൽ രോഗബാധിതമായ രാജ്യത്ത് നിന്നാണ് എത്തിയതെന്ന് അറിയിക്കാതെ വിമാനത്താവളത്തിൽ പരിശോധനയിൽ നിന്നും മുങ്ങുകയായിരുന്നു കനിക എന്നാണ് വിവരം. പിന്നീട് ഇവർ മൂന്നോളം സ്റ്റാർ പാർട്ടികളും നടത്തി. ഇവയിൽ രാഷ്ട്രീയ രംഗത്തേതുൾപ്പടെയുള്ള പ്രമുഖർ പങ്കെടുക്കുകയും ചെയ്തിരുന്നു.

രാജസ്ഥാൻ മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മകൻ ദുഷ്യന്ത് സിങും കനികയുടെ പാർട്ടിയിൽ പങ്കെടുത്തതിനെ തുടർന്ന് സ്വയം ഐസൊലേഷനിൽ കഴിയുകാണ്. ദുഷ്യന്ത് ഇടപെട്ട പാർലമെന്റ് അംഗങ്ങൾ പിന്നീട് രാഷ്ട്രപതി ഭവൻ പോലും സന്ദർശിക്കുകയും ചെയ്തത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. രാഷ്ട്രപതിയെ പോലും ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയാണ് കനികയുടെ അശ്രദ്ധ.

കനികയുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനിക ലഖ്‌നൗവിലെ കിങ്ങ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. കനിക താമസിച്ചിരുന്ന ആഡംബര ഫ്‌ളാറ്റ് ക്വാറന്റൈൻ ചെയ്യാനും പാർട്ടിയിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Exit mobile version