പൊതുനിരത്തിൽ മുഖം മറയ്ക്കാതെ തുമ്മി; യുവാവിനെ മർദ്ദിച്ച് സ്ത്രീകൾ ഉൾപ്പടെയുള്ള ആൾക്കൂട്ടം

കോലാപുർ: മഹാരാഷ്ട്രയിലെ കൊലാപുരിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കാതെ തുമ്മിയ യുവാവിന് മർദ്ദനം. ബൈക്ക് യാത്രികനായ യുവാവിനാണ് ക്രൂരമർദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചെങ്കിലും പരാതി ലഭിക്കാത്തതിനെ തുടർന്ന് കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കോടിച്ച് വരുന്ന യുവാവ് തുടരെ തുമ്മിയതിനെ തുടർന്ന് മറ്റൊരു ബൈക്കിലെത്തിയ ആളുകൾ തടഞ്ഞു നിര്ത്തി ചോദ്യം ചെയ്യുന്നതാണ് വീഡിയോയില് ആദ്യം കാണുന്നത്. തൂവാല കൊണ്ട് മുഖം മറയ്ക്കാതെ പൊതുജനമധ്യത്തിൽ മുഖം പൊത്താതെ തുമ്മുന്നത് വൈറസ് പകരാൻ കാരണമാകുമെന്ന് അറിയില്ലേ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. സ്ത്രീകളുൾപ്പെടെയുള്ളവർ ഇയാളെ ആക്രമിക്കുന്നത് കാണാം.

വൈറസ് വ്യാപനം തടയാൻ വ്യക്തിശുചിത്വം പാലിക്കണമെന്ന നിർദ്ദേശത്തിനിടെയാണ് മുഖം മറയ്ക്കാതെ ഇയാൾ തുമ്മിയതും ആക്രമണത്തിന് ഇരയായതും. മഹാരാഷ്ട്രയിൽ ഇതുവരെ 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ കാരണം ഒരാള് മരിക്കുകയും ചെയ്തു. തുമ്മൽ, ചുമ, രോഗീസമ്പർക്കം എന്നിവയിലൂടെയാണ് വൈറസ് പകരുക എന്നതുകൊണ്ട് പ്രത്യാകം ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ നിർദേശമുണ്ട്.

Exit mobile version