‘ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’; രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട ഗൊഗോയ് സ്ഥാനാര്‍ത്ഥിയാകുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ എംപിയായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത സംഭവത്തോട് രൂക്ഷമായി പ്രതികരിച്ച് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ കീഴ്‌വഴക്കം, നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം എന്നിവയെ പുനഃനിര്‍വചിക്കും വിധത്തിലുള്ളതാണെന്ന് അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു. രാജ്യത്തെ സാധാരണക്കാര്‍ക്ക് അവസാനത്തെ അഭയസ്ഥാനവും ഇല്ലാതാവുകയാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത സര്‍ക്കാര്‍ തീരുമാനം സ്വീകരിക്കുന്നതായി രഞ്ജന്‍ ഗൊഗോയിയും പറഞ്ഞിരുന്നു. എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിക്കുന്നു എന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം പറയാമെന്നും ഗൊഗോയ് പറഞ്ഞിരുന്നു.

Exit mobile version