ഞാന്‍ രാഷ്ട്രീയക്കാരനല്ല, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമല്ല; മൗനം വെടിഞ്ഞ് രഞ്ജന്‍ ഗൊഗോയി

ന്യൂഡല്‍ഹി: ആസാമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി രാജ്യസഭാ എംപിയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ രഞ്ജന്‍ ഗൊഗോയി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജന്റെ പ്രതികരണം. ഞാനൊരു രാഷ്ട്രീയ നേതാവല്ല. അങ്ങനൊരു ആഗ്രഹവും എനിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

ഗൊഗോയിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ഞാനൊരു രാഷ്ട്രീയ നേതാവല്ല. അങ്ങനൊരു ആഗ്രഹവും എനിക്കില്ല. ആരും അത്തരം വാഗ്ദാനവുമായി എന്നെ സമീപിച്ചിട്ടുമില്ല. രാജ്യസഭയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗവും സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകാത്തത് വളരെ നിര്‍ഭാഗ്യകരമാണ്’

‘രാജ്യസഭയിലേക്ക് എന്നെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ ഞാന്‍ അത് സ്വീകരിച്ചത് വളരെ ബോധപൂര്‍വ്വം തന്നെയാണ്. കാരണം എന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് എനിക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ എന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ അവസരം ലഭിക്കുമല്ലോ. അത് എങ്ങനെയാണ് എന്നെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റുന്നതെന്ന് മനസ്സിലാകുന്നില്ല?

രഞ്ജന്‍ ഗൊഗോയി അസം തെരഞ്ഞെടുപ്പില്‍ ബി.=ജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി പറഞ്ഞിരുന്നു. എന്നാല്‍ ആ പരമാര്‍ശം അടിസ്ഥാന രഹിതമെന്ന് പ്രഖ്യാപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഗൊഗോയിയും പ്രതികരണവുമായി എത്തിയിരിക്കുന്നത്.

Exit mobile version