കൊറോണ; ട്രെയിനുകളിലെ എസി കോച്ചുകളില്‍ ഇനിമുതല്‍ കമ്പിളി നല്‍കില്ല; ദിവസവും കഴുകി ഉപയോഗിക്കാനുള്ള സൗകര്യമില്ലെന്ന് റെയില്‍വേ

മുംബൈ: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതിനാല്‍ രാജ്യം കനത്ത ജാഗ്രതയിലാണ്. രാജ്യത്ത് പ്രതിരോധ നടപടികളെല്ലാം ഊര്‍ജിതമാക്കുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ട്രെയിനുകളിലെ എസി കോച്ചുകളില്‍ കമ്പിളി നല്‍കില്ലെന്ന് അറിയിച്ചിരിക്കുകയാണ് റെയില്‍വേ

എല്ലാ ദിവസം കഴുകി ഉപയോഗിക്കാന്‍ കഴിയാത്തതിനാലാണ് കമ്പിളി ഒഴിവാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. കമ്പിളി കൂടാതെ ട്രെയിനുകളിലെ കര്‍ട്ടനുകളും നീക്കുമെന്ന് റെയില്‍വെ കൂട്ടിച്ചേര്‍ത്തു. നിലവില്‍ കര്‍ട്ടനുകളും ബ്ലാങ്കറ്റുകളും ദിവസം കഴുകി ഉപയോഗിക്കാനുള്ള സൗകര്യം റെയില്‍വേയിലില്ല.

അതിനാല്‍ പുതപ്പുകളും മറ്റും ആവശ്യമുള്ളവര്‍ സ്വന്തമായി കൊണ്ടുവരണം. അധിക ബെഡ്ഷീറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കും. അതേസമയം, ബെഡ് ഷീറ്റ്, ടവലുകള്‍, തലയിണ കവറുകള്‍ എന്നിവ ദിവസവും കഴുകി ഉപയോഗിക്കുമെന്നും റെയില്‍വേ അറിയിച്ചു.

തേജസ് എക്‌സ്പ്രസിലും അടുത്ത നാല് ദിവസത്തേക്ക് കര്‍ട്ടനുകളുണ്ടാവില്ല. ട്രെയിനിലെ ഗ്രാബ് ഹാന്‍ഡില്‍സ്, ഡോര്‍ ഹാന്‍ഡില്‍സ്, ഡോര്‍ ലാച്ചസ്, എന്‍ട്രി ഡോര്‍ ഹാന്‍ഡില്‍, സീറ്റ് ഗാര്‍ഡ്, സ്‌നാക് ട്രേ, വിന്‍ഡോ ഗ്ലാസ്, വിന്‍ഡോ ഗ്രില്‍, ബോട്ടില്‍ ഹോള്‍ഡര്‍, അപ്പര്‍ ബെര്‍ത്ത് ക്ലൈംബിങ് സ്റ്റെയര്‍, ഇലക്ട്രിക് സ്വിച്ച്, ചാര്‍ജ് പോയിന്റ് എന്നിവയെല്ലാം അണുവിമുക്തമാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.

Exit mobile version