സിന്ധ്യ പോയവഴിയെ ഡികെയും പോകാതിരിക്കാൻ കരുക്കൾ നീക്കി കോൺഗ്രസ്; കർണാടകയിലെ പാർട്ടി അധ്യക്ഷസ്ഥാനം ഡികെ ശിവകുമാറിന്; ഭരണം തിരികെ പിടിക്കുമോ എന്ന് ചോദ്യം

ബംഗളൂരു: കർണാടകയിൽ വീണ്ടും മുൻനിരയിലേക്ക് വരാൻ കോൺഗ്രസിന്റെ തിരക്കിട്ട ശ്രമങ്ങൾ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡികെ ശിവകുമാറിനെ കർണാടക പിസിസി അധ്യക്ഷനായി നിയമിച്ചാണ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു. ഈശ്വർ ഖാന്ദ്രെ, സതീഷ് ജാർക്കിഹോളി, സലീം അഹമ്മദ് എന്നിവരെ പിസിസി വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ പിസിസി അധ്യക്ഷ സ്ഥാനവും രാജ്യസഭ സീറ്റും നൽകാത്തതിൽ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ദിവസമാണ് ഡികെയെ കർണാടക അധ്യക്ഷനാക്കിയതെന്നതും ശ്രദ്ധേയമാണ്.

കർണാടകയിലെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി തുടരുമെന്നും അജയ് സിങ്ങിനെ നിയമസഭയിലെ ചീഫ് വിപ്പായി നിയമിച്ചെന്നും പത്രക്കുറിപ്പിൽ പറയുന്നു. കർണാടക രാഷ്ട്രീയത്തിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനെന്ന് അറിയപ്പെടുന്ന ഡികെ ശിവകുമാർ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കിങ് മേക്കറായി കോൺഗ്രസിനെ രക്ഷിച്ചിട്ടുമുണ്ട്.

കോൺഗ്രസ്-ജെഡിഎസ് സർക്കാർ രൂപവത്കരണത്തിൽ ചുക്കാൻ പിടിച്ചതും രാഷ്ട്രീയ കരുനീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ഡികെ എന്ന് അറിയപ്പെടുന്ന ശിവകുമാറായിരുന്നു. അതേസമയം, ഡികെ ശിവകുമാർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ ജെഡിഎസിലെ ഒരുവിഭാഗം കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Exit mobile version