ഇന്ത്യക്കാർക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്; അതുകൊണ്ട് കൊറോണ പടർന്നു പിടിക്കുന്നില്ല; ഗുരുതര സാഹചര്യത്തിലും വായടയ്ക്കാതെ ബിജെപി അധ്യക്ഷൻ; രോഷം

കൊൽക്കത്ത: ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിക്കുകയും, കൊറോണയ്‌ക്കെതിരെ കഴിയുംവിധം പ്രതിരോധം തീർക്കുകയും ചെയ്യുന്നതിനിടെ വീണ്ടും തെറ്റിദ്ധാരണ പടർത്തി പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ഇന്ത്യക്കാർക്കിടയിൽ വൈറസ് ബാധ വ്യാപിക്കാത്തതിന്റെ കാരണം ദൈവാനുഗ്രഹം വേണ്ടുവോളം ഉള്ളതുകൊണ്ടാണെന്നാണ് ഘോഷിന്റെ കണ്ടെത്തൽ. ഇന്ത്യയിൽ ആയിരക്കണക്കിന് പേർ പൈപ്പുകളിൽനിന്ന് കൈ ഉപയോഗിച്ച് വെള്ളം കുടിക്കുകയും അമ്പലങ്ങളിലെ പ്രസാദം കൈകളിലെടുത്ത് കഴിക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാൽ ആർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കൊറോണ വൈറസ് ബാധ മൂലം ലോകം മുഴുവൻ ഇപ്പോൾ ഭയപ്പെടുകയും വീടുകളിൽ അടച്ചിരിക്കുകയുമാണ്. ലോകം മുഴുവൻ കീഴടക്കുകയും ചന്ദ്രനിൽ വരെ എത്തിച്ചേരുകയും ചെയ്തവർ ഇപ്പോൾ ഭയപ്പെട്ട് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുന്നു. എന്നാൽ എന്താണ് ഇന്ത്യയിൽ സംഭവിക്കുന്നതെന്ന് നോക്കൂ, ആയിരങ്ങൾ പൂജകൾക്കായി ക്ഷേത്രങ്ങളിൽ പോകുന്നു. ആർക്കും ഒന്നും സംഭവിക്കുന്നില്ല. കാരണം അവർക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ ആരാധന നടത്തുന്ന സംസ്‌കാരം ഇന്ത്യയിൽ എവിടെ വേണമെങ്കിലും നമുക്ക് കാണാം. നമ്മുടെ രാജ്യത്തിന്റെ സവിശേഷതയാണിത്. ഇതിലൂടെയാണ് ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഇന്ത്യയിൽ ഏതാനും ചിലർക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അതിനേക്കാൾ എത്രയോ കൂടിയ അളവിൽ മറ്റു പകർച്ചവ്യാധികൾ ഇവിടെയുണ്ട്. മലേറിയയും ഡെങ്കിയും ബാധിച്ച് എത്രയോ പേർ മരിച്ചു, എന്നിട്ടും നാം ഭയപ്പെട്ടിട്ടില്ലെന്നും മേദിനിപുർ ജില്ലയിലെ ക്ഷേത്രത്തിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ദിലീപ് ഘോഷ് പറഞ്ഞു.

എന്നാൽ, ബിജെപി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർത്ഥാ ചാറ്റർജി രംഗത്തെത്തി. ബിജെപി പോലൊരു പാർട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനെ അദ്ദേഹം അപലപിച്ചു.

Exit mobile version