ജ്യോതിരാദിത്യയ്ക്ക് പിന്നാലെ 20 കോൺഗ്രസ് എംഎൽഎമാരും രാജിവെച്ചു; മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ താഴേയ്ക്ക്

ന്യൂഡൽഹി: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് മരണമണി മുഴക്കി ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ ഐക്യദാർഢ്യവുമായി 20 കോൺഗ്രസ് എംഎൽഎമാരും രാജി സമർപ്പിച്ചു. കോൺഗ്രസിൽ നിന്നു തന്നെ രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷക്കാരായ 20 എംഎൽെമാരാണ് രാജിവെച്ചിരിക്കുന്നത്. ബംഗളൂരുവിൽ റിസോർട്ടിലുള്ള എംഎൽഎമാർ ഇ-മെയിൽ വഴിയാണ് മധ്യപ്രദേശ് ഗവർണർക്ക് രാജി കത്ത് നൽകിയത്.

രാജിവെച്ചവരിൽ ആറ് മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർ കോൺഗ്രസ് പാർട്ടിയിൽ നിന്നു തന്നെ രാജിവെച്ചിട്ടുണ്ട്. 19 പാർട്ടി എംഎൽഎമാർ രാജിവെച്ചതോടെ കമൽനാഥ് സർക്കാർ താഴെ വീഴുമെന്ന് ഉറപ്പായി. 230 അംഗ സഭയിൽ 114 പേരാണ് കോൺഗ്രസിനുണ്ടായിരുന്നത്. ബിജെപിക്ക് 107 സീറ്റുകളുണ്ട്. എസ്പിക്ക് ഒന്നും ബിഎസ്പിക്ക് രണ്ടും എംഎൽഎമാരുണ്ട്. നാല് സ്വതന്ത്രരും. സ്വതന്ത്രരിൽ ചിലരും ഒരു ബിഎസ്പി എംഎൽഎയും സിന്ധ്യയെ പിന്തുണക്കുന്നവരാണ്. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

മധ്യപ്രദേശ് കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം അല്ലെങ്കിൽ രാജ്യസഭാ സീറ്റ് ഈവശ്യം ഉന്നയിച്ച ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും അനുകൂല മറുപടി ലഭിച്ചിരുന്നില്ല. ഇതോടെയാണ് സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷം രാജിവെയ്ക്കാൻ തീരുമാനിച്ചത്. സിന്ധ്യ ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. അദ്ദേഹത്തിന് ബിജെപി രാജ്യസഭാ സീറ്റ് നൽകി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Exit mobile version