ഡൽഹിയിലും യുപിയിലും ജമ്മുവിലും പുതിയ കോവിഡ് 19 ബാധിതർ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 43 ആയി

ന്യൂഡൽഹി: കേരളത്തിൽ ആറ് പേർക്ക് പുതിയ കോവിഡ്-19 അണുബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഡൽഹി, ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിലായി മൂന്നു പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 43 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ജമ്മുവിലെ രോഗ ബാധിത 63കാരിയായ ഇറാനിൽ നിന്നെത്തിയ യാത്രക്കാരിയാണ്. ഇവിടെ 400 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച 150 പേരുടെ പരിശോധനാ ഫലവും പൂണെ വൈറോജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് പുറത്തുവരാനിരിക്കുകയാണ്ം. ഉച്ചയ്ക്ക് ശേഷമാണ് പരിശോധനാഫലം പുറത്തുവിടുക. ഇതോടെ ഇന്ത്യയിലെ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്.

കേരളത്തിൽ ആറുപേരിലാണ് 48 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിലാകെയുണ്ടായ 43 കേസുകളിൽ മൂന്നുപേർ കേരളത്തിൽ രോഗം ബാധിച്ച് സുഖപ്പെട്ടവരാണ്. നിലവിൽ ചികിത്സയിലുള്ളത് 40 പേരാണ്. എന്നാൽ രോഗബാധയുള്ളവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Exit mobile version