നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് ഒറ്റ ബോംബ് സ്‌ഫോടനം പോലും നടന്നിട്ടില്ല; പ്രകാശ് ജാവ്‌ദേക്കര്‍

പൂനെ: നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ഒറ്റ ബോംബ് സ്‌ഫോടനം പോലും നടന്നിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കാരണമാണ് സ്‌ഫോടനങ്ങള്‍ നടക്കാത്തതെന്നും പ്രകാശ് ജാവേദ്കര്‍ കൂട്ടിച്ചേര്‍ത്തു. ബിജെ മെഡിക്കല്‍ കോളേജിലെ ജന്‍ ഔഷധി ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2014 ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് മുന്‍പ് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ബോംബ് സ്‌ഫോടനം തുടര്‍ക്കഥയായിരുന്നു. പത്ത് ദിവസങ്ങളില്‍ ഒന്ന് വച്ച് ബോബ് സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. പൂനെ, വഡോദര, അഹമ്മദ്‌നഗര്, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലെല്ലാം നടന്നത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തിന് ഇടയില്‍ ഇത്തരമൊരു സംഭവം പോലും നടന്നിട്ടില്ല- പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. രാജ്യ സുരക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version