രാമക്ഷേത്ര നിര്‍മ്മാണം; സര്‍ക്കാര്‍ ഫണ്ടില്‍ നിന്നല്ലാതെ സ്വന്തം ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറേ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നല്ലാതെ സ്വന്തം ട്രസ്റ്റില്‍ നിന്ന് പണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

രാമജന്മഭൂമി ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം അയോധ്യ സന്ദര്‍ശനം നടത്തിയത്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളില്‍ ബാല്‍താക്കറേ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ശിവസേനക്ക് പ്രാതിനിധ്യം നല്‍കണമെന്നാണ് ആവശ്യം.

വിരുദ്ധ നിലപാടുകളുള്ള കോണ്‍ഗ്രസും എന്‍സിപിയും ആയി അധികാരം പങ്കിടുന്ന സഖ്യസര്‍ക്കാരാണെങ്കിലും ഹിന്ദുത്വ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഉദ്ധവ് പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താക്കറെ അയോധ്യ സന്ദര്‍ശിക്കാനെത്തുന്നത്.

Exit mobile version