കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്; ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി

മുബൈ: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്. ശിവസേനയുടെ പ്രതിനിധിയായി മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെത്തും. ഊര്‍മിള ശിവസേനയുടെ വക്താവാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മിളയുമായി സംസാരിച്ചെന്നും ശിവസേനയുടെ പ്രതിനിധിയാവാമെന്ന് സമ്മതിച്ചെന്നും സഞ്ജയ് റാവത്ത് എംപി പറഞ്ഞു. ഊര്‍മിള കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതാണെന്നും അതുകൊണ്ടാണ് ശിവസേന അവരെ പരിഗണിച്ചതെന്നുമാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. ഊര്‍മിള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്തും സ്ഥിരീകരിച്ചു.

മുംബൈ നോര്‍ത്തില്‍ നിന്നാണ് ഊര്‍മിള കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ബിജെപിയിലെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍ വേണ്ടവിധത്തില്‍ സഹായിച്ചില്ലെന്ന് ഊര്‍മിള ഹൈകമാന്‍ഡിന് കത്തെഴുതിയിരുന്നു.

അതേസമയം നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലെ വാക്പോരില്‍ ഊര്‍മിള സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. കങ്കണ മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഊര്‍മിള പ്രതികരിക്കുകയുണ്ടായി. കങ്കണയുടെ നാടായ ഹിമാചലാണ് ലഹരിമരുന്നിന്റെ പ്രഭവകേന്ദ്രം എന്നും കങ്കണ ആദ്യം സ്വന്തം സംസ്ഥാനത്തെ കാര്യങ്ങള്‍ നോക്കട്ടെയെന്നുമാണ് അന്ന് ഊര്‍മിള പറഞ്ഞത്. ഇതിനു പിന്നാലെ സോഫ്റ്റ് പോണ്‍ സ്റ്റാര്‍ എന്ന് കങ്കണ ഊര്‍മിളയെ ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതോടെ ശിവസേനാ നേതൃത്വം ഊര്‍മിളക്കായി രംഗത്തുവരികയായിരുന്നു. ഊര്‍മിളയുടെ വരവോടെ പാര്‍ട്ടിക്ക് ഒരു പുതിയ സ്ത്രീമുഖം ലഭിക്കുമെന്നാണ് ശിവസേനയുടെ വിലയിരുത്തല്‍.

Exit mobile version