പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാലും തമിഴ്‌നാട് മുഖ്യമന്ത്രിയാകില്ല; ബിജെപിയുമായി സഖ്യവും ഉണ്ടാക്കില്ലെന്നും രജനീകാന്ത്

ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ രൂപീകരിക്കാൻ പോകുന്ന പാർട്ടി ഭൂരിപക്ഷം നേടിയാലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ രജനീകാന്ത്. ഇക്കാര്യം താരം തന്നെ പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ സെക്രട്ടറിമാരെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങളാണു രജനികാന്തിന്റെ നിലപാട് വ്യക്തമാക്കിയത്. താൻ പാർട്ടി നേതാവായിരിക്കുമെന്നും മുഖ്യമന്ത്രിയാകാനില്ലെന്നും രജനികാന്ത് യോഗത്തിൽ പറഞ്ഞു.

ബിജെപിയുമായി സഖ്യത്തിനു സാധ്യതയില്ലെന്നു രജനികാന്ത് ജില്ലാ സെക്രട്ടറിമാരെ അറിയിച്ചതായാണ് വിവരം. ഒറ്റയ്ക്കു തിരഞ്ഞെടുപ്പിനെ നേരിടുകയാണു ലക്ഷ്യം. സഖ്യം സംബന്ധിച്ച തീരുമാനം താൻ തന്നെ എടുത്തോളാമെന്നും ബൂത്തു തലത്തിൽ പാർട്ടിയെ കരുത്തുറ്റതാക്കുന്നതിനുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകാൻ ജില്ലാ സെക്രട്ടറിമാരെ രജനി ഉപദേശിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഈ വർഷം മധ്യത്തോടെ രജനിയുടെ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. മറ്റു പാർട്ടികളിൽ നിന്നു പ്രമുഖ നേതാക്കൾ തനിക്കൊപ്പം വരുമെന്ന സൂചനയും യോഗത്തിൽ രജനീകാന്ത് നൽകി.

Exit mobile version