കൊവിഡ് 19 ഭീതി; രാജ്യത്ത് മാസ്‌കിന്റെ വില കുതിച്ചുയര്‍ന്നു

മുംബൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് മാസ്‌കിന്റെ വില കുതിച്ചുയര്‍ന്നു. നേരത്തേ എട്ട് രൂപ മുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌കിന് ഇപ്പോള്‍ 35മുതല്‍ 40വരെ രൂപയാണ് വില. വില വര്‍ധിച്ചതിന് പുറമെ ഫാര്‍മസികളില്‍ മാസ്‌കിന്റെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും മാസ്‌കിന്റെ വില വര്‍ധിച്ചിട്ടുണ്ട്. നൂറ് ഡിസ്‌പോസബിള്‍ മാസ്‌കുകളോടുകൂടിയ പാക്കിന് ആമസോണില്‍ രണ്ടായിരം രൂപയോളമാണ് വില. ബ്രാന്‍ഡുകള്‍ക്ക് അനുസരിച്ച് ഇതിന്റെ വിലയില്‍ വ്യത്യാസവും വരും.

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്‍-95 മുഖാവരണം ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. മറ്റുള്ളവര്‍ക്ക് സര്‍ജിക്കല്‍ മാസ്‌ക് മതിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം എന്‍-95 മാസ്‌കുകളെ വിലയും ഉയര്‍ന്നു. 75 രൂപയുണ്ടായിരുന്ന എന്‍-95 മാസ്‌കിനിപ്പൊള്‍ 400 രൂപയ്ക്കടുത്താണ് വില. അതിനു പുറമെ കൈകള്‍ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിറ്റൈസറുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.

Exit mobile version