കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നു; 22 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു. ബുധനാഴ്ച 22 പേര്‍ക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധിച്ചവരുടെ എണ്ണം 29 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാകുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്.

ഇറ്റലിയില്‍നിന്നെത്തിയ പേടിഎം ജീവനക്കാരന് കൊറോണ ബാധിച്ചതായി കമ്പനി അറിയിച്ചു. ഇദ്ദേഹത്തെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിയുടെ ഗുരുഗ്രാമിലെയും നോയ്ഡയിലെയും ഓഫീസുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടുകയും ജീവക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്താല്‍ മതിയെന്ന് മാനേജ്‌മെന്റ് നിര്‍ദേശിക്കുകയും ചെയ്തു.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ ചൈന, ജപ്പാന്‍, ഹോങ് കോങ്, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ്, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നീ 12 രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെയാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ എല്ലാ രാജ്യത്തുനിന്നും ഇന്ത്യയിലെത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Exit mobile version