ജനങ്ങള്‍ വിഷമത്തിലാണ്, അതിനാല്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരില്ല; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ താനും പങ്കുചേരില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവില്‍ രണ്ട് പ്രശ്‌നങ്ങളാണ് ഡല്‍ഹി നേരിടുന്നത്. കലാപത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കൊറോണ ഭീതിയും. അതിനാല്‍ ജനങ്ങള്‍ എല്ലാവരും വിഷമത്തിലാണെന്നും അതുകൊണ്ടുതന്നെ ഹോളി ആഘോഷങ്ങളില്‍ താന്‍ പങ്കുചേരില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

നിലവില്‍ ഡല്‍ഹിയില്‍ ഒരാള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സംസ്ഥാനതലത്തില്‍ ദൗത്യസംഘം രൂപീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയായ താനായിരിക്കും സംഘത്തെ നയിക്കുകയെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ ഏജന്‍സികള്‍, വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ സംഘത്തിലുണ്ട്. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായതിനാല്‍ ഡല്‍ഹിയില്‍ രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഇതുവരെ 28 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യം കടുത്ത ജാഗ്രതയിലാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കെജ്രിവാളിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹോളി ആഘോഷങ്ങളില്‍ പങ്കുചേരില്ലെന്ന് അറിയിച്ചിരുന്നു. കൊറോണ വൈറസ് ബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഇവര്‍ അറിയിച്ചത്.

Exit mobile version