സ്വന്തം സുരക്ഷ ഉറപ്പുവരുത്തിയാല്‍ പിന്നെ കൊറോണയെ നാം എന്തിന് ഭയക്കണം?; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയെ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ വിവിധസ്ഥലങ്ങളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മോഡിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ജനങ്ങളോട് പറഞ്ഞത്.

കൊവിഡ്-19 നെതിരെയുള്ള മുന്‍കരുതലുകള്‍ രേഖപ്പെടുത്തിയ പോസ്റ്ററും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് 19 ഇന്ത്യയില്‍ വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാല്‍ ആരും ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം യോജിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കോവിഡ്-19 നെ നേരിടുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞുവെന്നും മോഡി ട്വീറ്റ് ചെയ്തു.

സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ചെറുതെങ്കിലും പ്രാധാന്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കൊവിഡ്-19 നെ നേരിടുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ അവലോകനയോഗം നടത്തിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്‌ക്രീനിങ് മുതല്‍ കൃത്യമായ വൈദ്യസഹായം നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ വിവിധ വകുപ്പുകളും സംസ്ഥാനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുകയാണെന്നും മോഡി പറഞ്ഞു. ഡല്‍ഹിയിലും തെലങ്കാനയിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യം ജാഗ്രതയിലാണ്.

Exit mobile version