”നിങ്ങളൊക്കെ എന്തിന് പഠിക്കാന്‍ വരുന്നു”; മേല്‍ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ ആദിവാസി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു

ചെന്നൈ: സ്‌കൂളിലിരുന്ന് പഠിക്കാന്‍ സമ്മതിക്കാതെ ആദിവാസി വിദ്യാര്‍ത്ഥിയെ അന്യജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച് ഇറക്കിവിട്ടു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ജാതിയുടെ പേരിലുള്ള അക്രമത്തില്‍ ഭയന്ന് ഇരുള വിഭാഗത്തില്‍ നിന്ന് വിദ്യാലയങ്ങളില്‍ പോകുന്ന ആദ്യ കുട്ടിയായ ജയന്തി വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ്.

ഏടൂര്‍ സര്‍ക്കാര്‍ സകൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ജയന്തി. കോളനിയില്‍ നിന്നും ആദ്യമായി വിദ്യാലയത്തില്‍ പോകുന്ന കുട്ടിയാണ് ജയന്തി. ഇരുളക്കുട്ടികള്‍ എന്തിനാണ് സ്‌കൂളില്‍ വരുന്നത് എന്ന് ചോദിച്ച് മേല്‍ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ ജയന്തിയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

ഇനിയും ആക്രമിക്കപ്പെടുമോ എന്ന് ഭയമുണ്ടെന്നും അതിനാല്‍ രണ്ടാഴ്ചയായി സ്‌കൂളില്‍ പോയിട്ടില്ലെന്നും
ജയന്തി പറയുന്നു. അതേസമയം ജാതിയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനത്തിനിരയാവുന്നത് ഈ സ്‌കൂളിലെ ആദ്യത്തെ സംഭവമല്ല. മുന്‍പും ഇതേപോലെ ആവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോയാല്‍ മേല്‍ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുമെന്ന പേടിയിലാണ് കുട്ടികള്‍.

Exit mobile version