ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം മുസ്ലീങ്ങള്‍ വിട്ടു നല്‍കണം; വിഎച്ച്പി

'സ്ഥലം ഭാഗം ചെയ്യാന്‍ ഞങ്ങള്‍ ഒരിക്കലും തയ്യാറല്ല, മുഴുവന്‍ സ്ഥലവും ഞങ്ങള്‍ക്ക് തന്നെ വേണം. അത് ഞങ്ങള്‍ക്ക് കിട്ടുമ്പോള്‍ ഇവിടെ സന്തോഷവും സമാധാനവും ഉണ്ടാകും

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം മുസ്ലീങ്ങള്‍ വിട്ടു നല്‍കണമെന്ന് വിഎച്ച്പി. സ്ഥലത്തിന് മേലെയുള്ള അവകാശവാദങ്ങള്‍ മുസ്ലീങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ പറഞ്ഞു. അതിനോടൊപ്പം തന്നെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ ജോലികള്‍ ഉടന്‍ ആരംഭിക്കാനും ഇവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തിയാറാം വാര്‍ഷികത്തിന് മുന്നോടിയായി അയോധ്യയില്‍ ആകമാനം ശക്തി പ്രകടന പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് വിഎച്ച്പി. അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഡിസംബര്‍ 11ന് ശേഷം തീരുമാനമെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് രാമഭദ്രാചാര്യ ഇന്നലെ പറഞ്ഞു.

ധര്‍മ്മ സഭയെ അഭിസംബോധന ചെയ്താണ് രാമഭദ്രാചാര്യ ഇക്കാര്യം പറഞ്ഞത്. നവംബര്‍ 23ന് ഒരു മുതിര്‍ന്ന കേന്ദ്ര മന്ത്രിയുമായി ഇക്കാര്യം താന്‍ സംസാരിച്ചു. മന്ത്രി തനിക്ക് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കി. ‘മോഡി ഹിന്ദുക്കളെ വഞ്ചിക്കില്ല, രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള വഴികളിലെ തടസങ്ങള്‍ അദ്ദേഹം നീക്കികൊണ്ടിരിക്കുകയാണ്’ മന്ത്രി തന്നോട് പറഞ്ഞതായി രാമാഭദ്രാചാര്യ പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട പരിസരത്തു നിന്നും ഏതാനും കിലോമീറ്റര്‍ അകലെ അതീവ സുരക്ഷയിലാണ് വിഎച്ച്പിയുടെ പ്രകടനം നടന്നത്. പ്രകടനത്തിനിടെ നിരവധി തവണ ‘ജയ് ശ്രീറാം’ വിളികളും ഉയര്‍ന്നു. ‘സ്ഥലം ഭാഗം ചെയ്യാന്‍ ഞങ്ങള്‍ ഒരിക്കലും തയ്യാറല്ല, മുഴുവന്‍ സ്ഥലവും ഞങ്ങള്‍ക്ക് തന്നെ വേണം. അത് ഞങ്ങള്‍ക്ക് കിട്ടുമ്പോള്‍ ഇവിടെ സന്തോഷവും സമാധാനവും ഉണ്ടാകും, കൂടെ വികസനവും’ -വിഎച്ച്പി ഉപാധ്യക്ഷന്‍ ചമ്പത്ത് റായ് പറഞ്ഞു.

Exit mobile version