രണ്ടാം വിവാഹത്തിന് അണിഞ്ഞൊരുങ്ങി മണ്ഡപത്തിലേക്കെത്തി വരന്‍; ഓടിച്ചിട്ട് പിടിച്ച് ആദ്യ ഭാര്യ; സത്യം തിരിച്ചറിഞ്ഞതോടെ വധുവും വീട്ടുകാരും പഞ്ഞിക്കിട്ടു; 20 ലക്ഷവും പോയി! വീഡിയോ വൈറലുമായി

സ്വന്തം ഭര്‍ത്താവ് രണ്ടാമത് കല്യാണം കഴിക്കുന്നതറിഞ്ഞാണ് യുവതി നേരിട്ട് കല്യാണപന്തലിലെത്തിയത്. പിന്നീട് അവിടെ നടന്നത് നാടകീയ സംഭവങ്ങളായിരുന്നു.

നൈനിറ്റാള്‍: രണ്ടാം വിവാഹത്തിന് ഒരുങ്ങിയ ഭര്‍ത്താവിനെ മണ്ഡപത്തില്‍ നിന്നും ഇറക്കി വിവാഹം മുടക്കി ആദ്യ ഭാര്യ. സ്വന്തം ഭര്‍ത്താവ് രണ്ടാമത് കല്യാണം കഴിക്കുന്നതറിഞ്ഞാണ് യുവതി നേരിട്ട് കല്യാണപന്തലിലെത്തിയത്. പിന്നീട് അവിടെ നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. വരന്‍ നേരത്തെ ഒരു വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞതോടെ വധുവിന്റെ വീട്ടുകാര്‍ ഇയാളെ തല്ലിച്ചതയ്ക്കുകയും ചെയ്തു. നൈനിറ്റാളിലെ കല്യാണപന്തലില്‍ ചടങ്ങുകള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.

ഈ കല്യാണത്തിലെ വരന്‍ തന്നെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതാണെന്ന വാദവുമായി ഒരു യുവതിയും അവരുടെ ബന്ധുക്കളുമാണ് എത്തിയത്. പിന്നീട് വന്‍ ബഹളമാണ് ഉണ്ടായത്. ആദ്യം വധുവിന്റെ വീട്ടുകാര്‍ ഇക്കാര്യം വിശ്വസിച്ചില്ല. എന്നാല്‍ 2012 മുതല്‍ തമ്മില്‍ ഇഷ്ടപ്പെട്ട ശേഷം ഒക്ടോബറില്‍ വിവാഹിതരായതിന്റെ രേഖകള്‍ ഉള്‍പ്പെടെ യുവതി ഹാജരാക്കിയതോടെയാണ് സംഭവം വിശ്വസിച്ചത്. വരന്‍ നേരത്തെ വിവാഹിതനായിരുന്നെന്ന് വധുവോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല.

ഇക്കാര്യം തിരിച്ചറിഞ്ഞതോടെ വരനെ വധുവിന്റെ വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇയാളിപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് സാരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പിന്നീട് മൂന്ന് കുടുംബങ്ങളും കൂടി പ്രശ്നപരിഹാരത്തിന് മല്ലിറ്റാള്‍ പോലീസ് സ്റ്റേഷനില്‍ ഒത്തുചേര്‍ന്നെങ്കിലും അവിടെയും ബഹളമായിരുന്നു.

വാഗ്വാദത്തിന് ശേഷം വരന്റെ കുടുംബക്കാര്‍ മയപ്പെട്ടു. ഒത്തുതീര്‍പ്പിന് നിര്‍ദേശം മുന്നോട്ട് വയ്ക്കാന്‍ പറഞഞതിനെ തുടര്‍ന്ന് വധുവിന്റെ കുടുംബം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കല്യാണത്തിന് ചിലവായ തുകയും, നേരിട്ട അപമാനവും കണക്കിലെടുത്താണ് തുക നിശ്ചയിച്ചത്. 2 ലക്ഷം രൂപ പോലീസ് സ്‌റ്റേഷനില്‍ വച്ചുതന്നെ വധുവിന്റെ കുടുംബം കൈപ്പറ്റി. ബാക്കി തുക കടം പറഞ്ഞ് വരന്റെ വീട്ടുകാരും പിരിഞ്ഞുപോയി. 18 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പോലീസ് സാന്നിധ്യത്തില്‍ വധുവിന്റെ വീട്ടുകാര്‍ എഴുതി ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. നിലവില്‍ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

Exit mobile version