കലാപത്തിനിടെ കത്തിച്ചവയിൽ ബിജെപി ന്യൂനപക്ഷസെൽ വൈസ് പ്രസിഡന്റിന്റെ വീടും; സഹായമെത്തിക്കാതെ പോലീസും ബിജെപി നേതൃത്വവും

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ സംഘപരിവർ കത്തിച്ചവയുടെ കൂട്ടത്തിൽ ബിജെപി ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റിന്റെ വീടും വാഹനങ്ങളും ഉൾപ്പെടുന്നു. അഞ്ച് വർഷമായി ബിജെപിയിൽ പ്രവർത്തിക്കുന്ന അക്തർ റാസയുടെ വീടാണ് കത്തിച്ചതി. ഭാരതി വിഹാർ റോഡിലെ വീടാണ് തീവ്രവാദികൾ കത്തിച്ചത്.

ചൊവ്വാഴ്ചയായിരുന്നു പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് കുറച്ചു പേർ എത്തിയതെന്ന് അക്തർ റാസ പറഞ്ഞു. ഏകദേശം 7 മണി ഒക്കെ ആയപ്പോൾ അവർ വീടുകളിലേക്ക് കല്ലെറിയാൻ തുടങ്ങി. പോലീസിനെ സഹായത്തിനായി വിളിച്ചെങ്കിലും പോലീസ് അവിടെ നിന്ന് പോകാനാണ് ആവശ്യപ്പെട്ടത്. വീട് കത്തിക്കുന്നതിന് മുമ്പായി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് അക്തർ പറഞ്ഞു.

വടക്ക് കിഴക്കൻ ഡൽഹിയിലെ ബിജെപിയുടെ ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റാണ് അക്തർ റാസ. വീടിന്റെ മുൻവശം കത്തി നശിച്ചിട്ടുണ്ട്. പ്രദേശത്ത് 19 മുസ്‌ലിം വീടുകൾ ഉണ്ടായിരുന്നു. എല്ലാം തെരഞ്ഞുപിടിച്ച് കത്തിച്ചെന്നും കലാപകാരികൾ പുറത്തു നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

ആറു ബൈക്കുകളും വീട്ടിലെ എല്ലാ വസ്തുക്കളും കൂടെ കത്തിച്ചു. റാസയുടെ വീടിന് കുറച്ചു മീറ്ററുകളകലെയുള്ള രണ്ട് ബന്ധുക്കളുടെ വീടുകളും കത്തിച്ചു. അതേസമയം, ഇത്രയേറെ നാശനഷ്ടങ്ങളുണ്ടായിട്ടും കലാപത്തിന് ശേഷം ഒരു ബിജെപി പ്രവർത്തകൻ പോലും തന്നെ ബന്ധപ്പെട്ടില്ലെന്നും റാസ പറഞ്ഞു.

ബിജെപിയിലെ ആരും തന്നെ കലാപത്തിന് ശേഷം എന്നെ ബന്ധപ്പെട്ടിട്ടില്ല. ഒരു ഫോൺകോൾ പോലും ഉണ്ടായിട്ടില്ല. ആരും ആശ്വസിപ്പിക്കുകയോ പ്രത്യേകം പരിഗണിക്കുകയോ ചെയ്തില്ലെന്നും റാസ പറഞ്ഞു.

Exit mobile version