ബോംബ് ഭീഷണിയില്‍ നിന്ന് പിച്ചച്ചട്ടിയിലേക്ക്; പാകിസ്താനെ പരിഹസിച്ചു പ്രധാനമന്ത്രി

കടക്കെണിയില്‍ നിന്നു കരകയറാന്‍ സഖ്യരാജ്യങ്ങളില്‍ നിന്ന് ധനസഹായം തേടുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ലക്ഷ്യമിട്ടായിരുന്നു മോഡിയുടെ പ്രസ്താവന.

ന്യൂഡല്‍ഹി; പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യക്കെതിരെ ബോംബ് ഭീഷണി മുഴക്കിയിരുന്നവര്‍ ഇപ്പോള്‍ പിച്ചച്ചട്ടിയുമായി നടക്കുകയാണെന്നു മോഡി പരിഹസിച്ചു. കടക്കെണിയില്‍ നിന്നു കരകയറാന്‍ സഖ്യരാജ്യങ്ങളില്‍ നിന്ന് ധനസഹായം തേടുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ലക്ഷ്യമിട്ടായിരുന്നു മോഡിയുടെ പ്രസ്താവന.

ഭീകരതയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പാകിസ്താനുള്ള 1.66 ബില്യന്‍ ഡോളറിന്റെ സുരക്ഷാ സഹായം അമേരിക്ക റദ്ദാക്കിയിരുന്നു. എന്നാല്‍ സൗദിയില്‍ നിന്ന് 6 ബില്യന്‍ ഡോളറിന്റെ സഹായം നേടിയെടുക്കാന്‍ പാകിസ്താനു കഴിഞ്ഞു. ചര്‍ച്ചകള്‍ക്കു ശേഷം സഹായിക്കാമെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

മോഡിയുടെ ജാതി കൊണ്ടല്ല ഇതു സംഭവിച്ചതെന്നും 125 കോടി ഇന്ത്യക്കാരുടെ നിലപാടു കൊണ്ടാണെന്നും രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു മോഡി പറഞ്ഞു. വികസനത്തെക്കുറിച്ചു പറയാന്‍ ഭയപ്പെടുന്നതു കൊണ്ടാണു കോണ്‍ഗ്രസ് മോഡിയുടെ ജാതിയെക്കുറിച്ചു പറയുന്നതെന്നു മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിപി ജോഷിയുടെ പ്രസ്താവനയോടു പ്രതികരിച്ചു മോഡി പറഞ്ഞു.

മോഡി എവിടെ ജന്മസ്ഥലത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണോ രാജസ്ഥാന്റെ ഭാവി നിര്‍ണയിക്കപ്പെടുകയെന്നും മോഡി ചോദിച്ചു. ഏതു കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നതല്ല പ്രശ്നം അവരെക്കൊണ്ട് ആരാണ് ഇതൊക്കെ പറയിപ്പിക്കുന്നതെന്നതാണ് ഗൗരവത്തിലെടുക്കേണ്ടതെന്ന് രാഹുലിനെ പരാമര്‍ശിച്ചു മോഡി കുറ്റപ്പെടുത്തി. വികസനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിനു തണ്ടെല്ലുറപ്പില്ലെന്നും മോഡി പറഞ്ഞു.

Exit mobile version