സ്‌കൂള്‍ വളപ്പിലേയ്ക്ക് പുലി ഓടിക്കയറി; നായയെ കടിച്ചു കീറി, ഗ്രൗണ്ടില്‍ കളിച്ചിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

പിലിഫിട്ട് കടുവാ സങ്കേതത്തില്‍പ്പെടുന്ന ബരാഹി വനത്തിന് സമീപത്താണ് കീരത്ത്പുര്‍ ഗ്രാമം.

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കീരത്ത്പുര്‍ ഗ്രാമത്തില്‍ സ്‌കൂള്‍ വളപ്പിലേയ്ക്ക് പുലി ഓടിക്കയറി. കുട്ടികള്‍ തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വളപ്പിലേയ്ക്ക് ഓടിക്കയറിയ പുലി നായയെ കടിച്ചു കീറി. ഗ്രൗണ്ടില്‍ നിന്നിരുന്ന കുട്ടികള്‍ ഓടി ക്ലാസ് മുറിയില്‍ കയറി വാതില്‍ അടച്ചതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.

പിലിഫിട്ട് കടുവാ സങ്കേതത്തില്‍പ്പെടുന്ന ബരാഹി വനത്തിന് സമീപത്താണ് കീരത്ത്പുര്‍ ഗ്രാമം. ഇവിടെനിന്നാണ് പുലി സ്‌കൂളിനുള്ളിലേക്ക് വന്നത്. ബുധനാഴ്ച ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന നായയെ കടിച്ചുകീറിയ പുലി പെട്ടെന്ന് തന്നെ അവിടെ നിന്ന് ഓടിമറയുകയും ചെയ്തു. പിന്നാലെ പ്രിന്‍സിപ്പാള്‍ നിധി ദിവാകര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി സ്‌കൂളിലും പരിസരപ്രദേശത്തും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

പുലിയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അത് വനത്തിലേക്ക് ഓടിമറഞ്ഞിരിക്കാമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥര്‍. സംഭവത്തിന് പിന്നാലെ സ്‌കൂളില്‍ വനംവകുപ്പ് വാച്ചര്‍മാരുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ സ്‌കൂളിലേക്ക് തനിച്ച് വിടരുതെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് ഗ്രാമമുഖ്യന്‍ രഞ്ജിത്ത് സിംഗ് നിര്‍ദ്ദേശവും നല്‍കി.

Exit mobile version