ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടി; ന്യായീകരണവുമായി നിയമ മന്ത്രി

ന്യൂഡല്‍ഹി; ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയ സംഭവത്തില്‍ ന്യായീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കൊളിജീയത്തിന്റെ തീരുമാനപ്രകാരമുള്ള സ്വാഭാവിക നടപടിയാണ് സ്ഥലം മാറ്റമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനത്തെ വിമര്‍ശിക്കുന്നതിലൂടെ കോണ്‍ഗ്രസ് ജുഡീഷ്യറിയോടുള്ള കൂറില്ലായ്മ വ്യക്തമാക്കുകയാണെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം. ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അര്‍ദ്ധരാത്രി സ്ഥലം മാറ്റിയതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റിയ നടപടിയെ ന്യായീകരിച്ച് രവി ശങ്കര്‍ പ്രസാദ് വന്നത്.

സിബിഐ പ്രത്യേക ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജസ്റ്റിസ് ലോയയെ അനുസ്മരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സ്ഥലം മാറ്റത്തിന് വിധേയനാകാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍മിക്കുന്നുവെന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണ വിധേയനായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയ മരിച്ചത്.

ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തു വന്നു. നടപടി ലജ്ജാകരമെന്നു പറഞ്ഞ പ്രിയങ്ക ഗാന്ധി, ജുഡീഷ്യറിയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. നിയമവ്യവസ്ഥയോട് കേന്ദ്രസര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുന്നു. ബിജെപി നേതാക്കളെ രക്ഷിക്കാനാണ് സ്ഥലംമാറ്റമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഡല്‍ഹിയില് പറഞ്ഞു.

ഡല്‍ഹി കലാപത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളെ വിമര്‍ശിച്ച കോടതി ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിന്റെതായിരുന്നു ഉത്തരവ്. പിന്നാലെ, മണിക്കൂറുകള്‍ക്കകം ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റുകയായിരുന്നു.

Exit mobile version